ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അലീസ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയോടെ താന്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന് 35-കാരിയായ ഹീലി വ്യക്തമാക്കി.മാര്‍ച്ച് 6 മുതല്‍ 9 വരെ പെര്‍ത്തിലെ വക്ക (WACA) ഗ്രൗണ്ടില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ ഹീലി പാഡ് അഴിക്കും.
കഴിഞ്ഞ കുറച്ചു കാലമായി അലട്ടുന്ന പരിക്കുകളും മാനസികമായ തളര്‍ച്ചയും കാരണമാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് 35-കാരിയായ ഹീലി വ്യക്തമാക്കി. തനിക്ക് ലഭിച്ചിരുന്ന ആ പഴയ വീറും വാശിയും ഇപ്പോള്‍ നഷ്ടപ്പെട്ടതായി തോന്നുന്നുവെന്നും താരം വെളിപ്പെടുത്തി.
2026-ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ടീമിന് പുതിയ ക്യാപ്റ്റനെ കണ്ടെത്താനും തയ്യാറെടുക്കാനും സമയം നല്‍കുന്നതിനായി ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് താരം വിട്ടുനില്‍ക്കും.ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ടെസ്റ്റ് മത്സരത്തിലും താരം ടീമിനെ നയിക്കും.
ആറ് ടി20 ലോകകപ്പുകളും രണ്ട് ഏകദിന ലോകകപ്പുകളും നേടിയ ഓസ്ട്രേലിയന്‍ ടീമുകളില്‍ ഹീലി അംഗമായിരുന്നു.2022 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 170 റണ്‍സ് ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്.16 വര്‍ഷം നീണ്ട കരിയറില്‍ 300-ഓളം മത്സരങ്ങളില്‍ നിന്ന് 7,000-ല്‍ അധികം റണ്‍സും വിക്കറ്റിന് പിന്നില്‍ 275 ഡിസ്മിസലുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയന്‍ പുരുഷ ടീമിലെ പ്രമുഖ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ഹീലിയുടെ ഭര്‍ത്താവ്.ഹീലിയുടെ പിന്‍ഗാമിയായി വൈസ് ക്യാപ്റ്റന്‍ താലിയ മഗ്രാത്ത് ഓള്‍റൗണ്ടര്‍ ആഷ്ലി ഗാര്‍ഡ്‌നര്‍, യുവതാരം ഫോബ് ലിച്ച്ഫീല്‍ഡ് എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണിക്കപ്പെടുന്നത്.

