ഗാസ: ഗാസയെ വിഭജിച്ച് ഇസ്രയേലി-അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള മേഖല നിര്‍മിക്കാനുള്ള നീക്കവുമായി അമേരിക്ക മുന്നോട്ട്. ഗാസയെ റെഡ് സോണ്‍ എന്നും ഗ്രീന്‍ സോണ്‍ എന്നും പേരായ രണ്ടു മേഖലകളാക്കി മുറിക്കാനുള്ള നീക്കമാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നടപ്പാകാന്‍ പോകുന്നത്. അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്ഡിയന് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസയെ മുറിച്ച് രണ്ടു സോണുകളാക്കുമ്പോള് പരമ്പരാഗത ഗാസ നിവാസികള്‍ക്ക് താമസമുള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കുമായി റെഡ് സോണ്‍ മാത്രമായിരിക്കും നീക്കി വയ്ക്കുക. ഇതിന് നിലവിലെ ഗാസയുടെ പകുതിയില്‍ താഴെ മാത്രമായിരിക്കും ഉപയോഗിക്കുക.
ഗ്രീന്‍ സോണിനും റെഡ് സോണിനുമിടയിലെ ഇടനാഴിയായി യെല്ലോ സോണ്‍ എന്ന പേരില്‍ മൂന്നാമതൊരു സോണ്‍ കൂടി ഉദ്ദേശിക്കുന്നുണ്ട്. ഇവിടെയായിരിക്കും ഇസ്രേലി സൈന്യവും അന്താരാഷ്ട്ര സൈന്യവും നിലയുറപ്പിക്കുക. ഗാസയെ വിഭജിക്കാനുള്ള ദീര്‍ഘകാല പദ്ധതിയെന്നാണിതിനെ ഗാര്ഡിയന് പത്രം വിശേഷിപ്പിക്കുന്നത്. വെടി നിര്ത്തലിനു മധ്യസ്ഥം വഹിച്ച ഖത്തറിനും ഈജിപ്തിനും ഈ നീക്കത്തോട് കടുത്ത വിയോജിപ്പാണുള്ളത്. എങ്കിലും അവര്‍ യു എസ് ഗവണ്മെന്റിനെതിരേ രംഗത്തു വരുന്നതേയില്ല.
പദ്ധതി പ്രകാരം ബോംബ് നിര്‍വീര്യമാക്കല്‍, ചികിത്സ എന്നിവയില്‍ വൈദഗ്ധ്യമുള്ള 1500 ബ്രിട്ടീഷ് സൈനികര്‍, കെട്ടിടാവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യാന്‍ ആയിരം ഫ്രഞ്ച് സൈനികര്‍ തുടങ്ങിയവര്‍ ഗാസയിലെത്തും. ജര്‍മനി, നെതര്‍ലാന്‍ഡ്സ്, നോര്‍ഡിക് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികര്‍ നയിക്കുന്ന ഫീല്‍ഡ് ആശുപത്രികളുണ്ടാകും. ചരക്കു നീക്കം, രഹസ്യാന്വേഷണം എന്നിവ അന്താരാഷ്ട്ര സൈനികരുടെ നിയന്ത്രണത്തിലായിരിക്കും. ആദ്യം നിശ്ചിത എണ്ണം െൈസനികരെ പരിമിത പ്രദേശത്ത് വിന്യസിക്കാനും പിന്നീട് ഇരുപതിനായിരം പേരുടെ പൂര്‍ണ ശക്തിയില്‍ പ്രദേശം മുഴുവന്‍ നിയന്ത്രണത്തിലാക്കാനുമാണ് അമേരിക്കന്‍ പദ്ധതിയെന്നു കരുതുന്നു.

