വാഷിങ്ടന്‍: അമേരിക്കയിലെ സ്ഥിര താമസത്തിനുള്ള ഗ്രീന്‍കാര്‍ഡ് ലഭിക്കുകയോ പുതുക്കി ലഭിക്കുകയോ ചെയ്യുന്നത് സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ക്ക് ഇനി ദുഷ്‌കരമാകും. ട്രംപ് ഭരണകൂടം രണ്ടു ദിവസം മുമ്പ് പുറത്തിറക്കിയ പുതിയ ഗ്രീന്‍കാര്‍ഡ് വീസ സംബന്ധിച്ച നിബന്ധനകളിലാണ് ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോ ബൈഡന്റെ കഴിഞ്ഞ ഭരണകാലത്ത് ഉദാരമാക്കിയിരുന്ന വ്യവസ്ഥകളാണ് ട്രംപ് ഉപേക്ഷിക്കുകയും കടുത്ത നിലപാടുകളിലേക്ക് കടക്കുകയും ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ ക്ഷേമ പദ്ധതികളായ ഭക്ഷണ സഹായം ലഭ്യമാക്കുന്ന സ്‌നാപ്പ്, ആരോഗ്യ രക്ഷയ്ക്കുള്ള മെഡിക്കെയ്ഡ് തുടങ്ങിയവയുടെ ഗുണഭോക്താക്കള്‍ക്ക് ഇനി ഗ്രീന്‍ കാര്‍ഡ് ലഭ്യമാകില്ല. അമേരിക്കയില്‍ സ്ഥിര താമസമാക്കുന്ന പ്രവാസികള്‍ സ്വയം പര്യാപ്തരായിരിക്കണമെന്ന് ഇതു സംബന്ധിച്ച് പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ കൃത്യമായി വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സഹായങ്ങള്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കരുതെന്നും പ്രഖ്യാപനത്തിലുണ്ട്.
ഇതുവരെ അഭയാര്‍ഥികളായി അമേരിക്കയില്‍ എത്തുന്നവര്‍ക്കു മാത്രമായിരുന്നു സ്‌നാപ്പ്, മെഡിക്കെയ്്ഡ് എന്നിവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അതാണ് ഇപ്പോള്‍ ഗ്രീന്‍കാര്‍ഡ് ഉള്ള പ്രവാസികള്‍ക്കു കൂടി ബാധകമാക്കിയിരിക്കുന്നത്. പുതിയ ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്ന വേളയില്‍ ഓരോരുത്തരും വ്യക്തിഗത ഇന്റര്‍വ്യൂവിനു ഹാജരാകുമ്പോള്‍ കൈപ്പറ്റുന്ന ക്ഷേമ ആനുകൂല്യങ്ങള്‍ സംബന്ധിച്ചും വെളിപ്പെടുത്തല്‍ നടത്തേണ്ടതായി വരും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും വീസ ഇഷ്യു ചെയ്യുക.
കുടിയേറ്റക്കാര്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അനര്‍ഹമായി അവയുടെ മെച്ചമെടുക്കുകയാണെന്നും ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും പണ്ടേ നിലപാടുള്ളതാണ്. ട്രംപിന്റെ കഴിഞ്ഞ ഭരണകാലത്തും ഇതേ ദിശയില്‍ നിലപാടുകള്‍ കടുപ്പിച്ചിരുന്നതാണ്. പിന്നീട് ബൈഡന്റെ ഭരണകാലത്താണ് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചത്. അതാണ് ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുന്നത്.

