ലാസ് വേഗസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കുറഞ്ഞ നിരക്കിലുള്ള മരുന്ന് വിതരണ പദ്ധതി ‘ട്രംപ്-ആർഎക്സ്’ (TRUMP-Rx) നിലവിൽ വന്നു. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ആശ്വാസമാകുന്ന തരത്തിൽ നിത്യോപയോഗ മരുന്നുകളുടെ വില വൻതോതിൽ കുറയ്ക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രഖ്യാപിച്ചത്.
ഇൻഷുറൻസ് ഇല്ലാത്തവർക്ക് താങ്ങാൻ കഴിയാത്ത വിധം ഉയർന്ന വിലയുള്ള ബ്രാൻഡഡ് മരുന്നുകൾക്ക് പകരമായി, ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ 90 ശതമാനം വരെ വില കുറച്ച് വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അമേരിക്കയിലെ മരുന്നുവില മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് 1000 ശതമാനം വരെ കൂടുതലാണെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇനി അമേരിക്കക്കാർക്ക് മരുന്ന് ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തു.
ആദ്യഘട്ടത്തിൽ ഡയബറ്റിക് മരുന്നുകൾക്കും ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾക്കുമാണ് സഹായവില പ്രഖ്യാപിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ഒസെമ്പിക് (Ozempic), വെഗോവി (Wegovy) തുടങ്ങിയ മരുന്നുകളുടെ വിലയിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ മരുന്നുകൾ ഈ പട്ടികയിൽ ഉൾപ്പെടുത്തും. ഇതിനായി പ്രത്യേകം സജ്ജമാക്കിയ trumprx.gov എന്ന വെബ്സൈറ്റിലൂടെ ജനങ്ങൾക്ക് മരുന്നുകളുടെ വില അറിയാനും കൂപ്പണുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ഇന്ത്യയിൽ 2008-ൽ ഡോ. മൻമോഹൻ സിംഗ് സർക്കാർ ആരംഭിക്കുകയും പിന്നീട് നരേന്ദ്ര മോദി സർക്കാർ വിപുലീകരിക്കുകയും ചെയ്ത ‘പ്രധാനമന്ത്രി ജൻ ഔഷധി പരിയോജന’ (PMBJP) പദ്ധതിക്ക് സമാനമായ രീതിയിലാണ് ട്രംപിന്റെ ഈ പുതിയ നീക്കത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. മരുന്ന് കമ്പനികൾക്ക് മേൽ ‘മോസ്റ്റ് ഫേവേർഡ് നേഷൻ’ (Most-Favored-Nation) പോളിസി നടപ്പിലാക്കിയതിലൂടെയാണ് ഈ വിലക്കുറവ് സാധ്യമാക്കിയത്.

