മോസ്‌ക്കോ: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ അമേരിക്കന്‍ സൈനിക നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് റഷ്യ.അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂര്‍ണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിര്‍ണയിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും വ്യക്തമാക്കി.
സംഘര്‍ഷം കൂടുതല്‍ വഷളാക്കാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് വെളിപ്പെടുത്തിയത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മഡുറോയെയും ഭാര്യയെയും നിലവില്‍ വെനിസ്വേലയില്‍ നിന്നും വിമാനമാര്‍ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്.
സൈനിക നടപടിയുടെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ പ്രത്യേക വാര്‍ത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന സംഘര്‍ഷങ്ങള്‍ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

