ദിസ്പുര്‍ :വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് അസമില്‍ നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കുമെന്നും അമിത് ഷാ അസമില്‍ നടന്ന ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ പറഞ്ഞു.അസമിലെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് ഒരു ലക്ഷത്തിലധികം ബിഗ ഭൂമി മോചിപ്പിച്ചതായും അമിത് ഷാ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഇത്രയും വര്‍ഷക്കാലം സംസ്ഥാനം ഭരിച്ചിട്ടും അസം പ്രസ്ഥാനത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നുള്ളത് അതിശയിപ്പിക്കുന്നതാണെന്ന് അമിത് ഷാ സൂചിപ്പിച്ചു.’കോണ്‍ഗ്രസ് വര്‍ഷങ്ങളോളം നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നത് തുടര്‍ന്നു,1983 ല്‍ ഐഎംഡിടി നിയമം കൊണ്ടുവന്നുകൊണ്ട്, നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇവിടെ സ്ഥിരതാമസമാക്കാന്‍ നിയമപരമായ ഒരു മാര്‍ഗം സൃഷ്ടിച്ചു.കോണ്‍ഗ്രസിനെ സംബന്ധിച്ച് അവര്‍ ഒരു പ്രധാന വോട്ട് ബാങ്ക് ആയിരുന്നു. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിയുകയാണ്.അസമില്‍ നിന്ന് മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എല്ലാ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും ഞങ്ങള്‍ കണ്ടെത്തും, പുറത്താക്കും’ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി

