വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍, കരാറിനു ശേഷം ഗാസയില്‍ അഞ്ഞൂറിലധികം ആക്രമണം നടത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കേ പുതിയ ആക്രമണങ്ങള്‍ നടത്തുകയും അടിയന്തര സഹായങ്ങളുടെ ലഭ്യത തടസപ്പെടുത്തുകയും ചെയ്ത് ഇസ്രയേല്‍ വംശഹത്യ തുടരുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനു ശേഷം ഏഴ് ആഴ്ചകളിലായി അഞ്ഞൂറിലധികം തവണയാണ് ഇസ്രയേല്‍ കരാറിന്റെ ലംഘനം നടത്തിയതെന്ന് ആംനസ്റ്റി പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്നലെ തെക്കന്‍ ഗാസയിലും മധ്യ ഗാസയിലും ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വ്യോമാക്രമണം നടത്തിയിതിന് പിന്നാലെയാണ് പ്രസ്താവനയുമായി ആംനസ്റ്റി എത്തിയിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രയേല്‍ സൈന്യത്തിന് അനുവദിച്ചിരിക്കുന്ന മഞ്ഞ രേഖ കടന്നും ആക്രമണം നടത്തിയതായി ആംനസ്റ്റി ആരോപിക്കുന്നു. കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ തയാറാകുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നാണ് ആംനസ്റ്റി ജനറല്‍ സെക്രട്ടറി ആഗ്നസ് കല്ലമാര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നത്. മാനുഷിക സഹായങ്ങളും അടിയന്തര അവശ്യ സേവനങ്ങളും നിയന്ത്രിച്ചും പാലസ്തീനികളെ ശാരീരികമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ ദയാരഹിതമായ നയങ്ങളാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *