തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ പതിനൊന്നു മാസത്തിനിടെ മരിച്ചത് നാല്‍പത്തൊന്നു പേര്‍. ഇപ്പോഴും മരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യുന്നുമുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് രോഗബാധിതരും മരണത്തിനു കീഴടങ്ങിയവരും കൂടുതലായുള്ളത്. കഴിഞ്ഞ പതിനൊന്നു മാസത്തിനിടെ 170 പേര്‍ക്കാണ് സംസ്ഥാനത്തു രോഗബാധയുണ്ടായത്.
ഈ മാസം മാത്രം പതിനേഴു പേര്‍ രോഗബാധിതരാകുകയും അവരില്‍ എട്ടു പേര്‍ മരിക്കുകയും ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ വി വിനയനാണ് അവസാനം രോഗത്തിന് ഇരയായിരിക്കുന്നത്. ലക്ഷണങ്ങള്‍ കണ്ട് ആരും സ്വയം ചികിത്സയ്ക്കു തയാറാകരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സാധാരണ പനിയായി ആരംഭിക്കുന്ന ലക്ഷണങ്ങളാണ് പിന്നീട് മസ്തിഷ്‌ക ജ്വരമെന്നു തിരിച്ചറിയുന്നത്.

