ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്

മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത് ശബരിമല സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ജനുവരി 15 ന് വൈകിട്ട് അഞ്ചിന് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നും സന്നിധാനത്തേക്ക് സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയരായി കരുതപ്പെടുന്ന അമ്പലപ്പുഴ സംഘത്തിന്റേതായിരുന്നു ആദ്യ എഴുന്നള്ളത്ത്. സമൂഹ പെരിയോന്‍ എന്‍ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ 250 ഓളം പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണിമണ്ഡപ്പത്തിലെ പൂജാരി പൂജിച്ചുനല്‍കിയ പന്തളം കൊട്ടാരത്തില്‍ നിന്നുള്ള തിടമ്പും തിരുവാഭരണത്തോടൊപ്പം എത്തിയ കൊടിക്കൂറയും എഴുന്നളളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂര താലമേന്തി എഴുന്നള്ളത്തില്‍ അണിനിരന്നു. 18-ാം പടിയില്‍ കര്‍പ്പൂര ആരതി നടത്തി. ക്ഷേത്രം പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു.

മാളികപ്പുറത്തു നിന്ന് തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് കര്‍പ്പൂരാഴി പൂജ നടത്തിയതോടെ 10 നാള്‍ നീണ്ട അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ഥാടനത്തിന് സമാപനമായി. മകരവിളക്ക് ദിനത്തില്‍ രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും സംഘം നടത്തി. അമ്പലപ്പുഴ സംഘം പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, കരപെരിയോന്‍മാരായ സദാശിവന്‍ പിള്ള, ചന്തു എന്നിവര്‍ നേതൃത്വം നല്‍കി.


അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് സംഘത്തിന്റെ കര്‍പ്പൂര താലം എഴുന്നള്ളത്തും സന്നിധാനത്ത് നടന്നു. പെരിയോന്‍ പ്രദീപ് ആര്‍ മേനോന്‍ സ്വാമിയുടെ നേതൃത്വത്തില്‍ അയ്യപ്പനെ ഭജിച്ച് നീങ്ങിയ സംഘം ഭക്തിയുടെ നിറവില്‍ ചുവടുവച്ചു. മാളികപ്പുറത്ത് മണിമണ്ഡപത്തില്‍ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം എത്തിയ തിടമ്പും ചാര്‍ത്തിയാണ് കര്‍പ്പൂര താലം എഴുന്നളളിയത്.

ശുഭ്രവസ്ത്രം ധരിച്ച് കര്‍പ്പൂര താലമേന്തി യോഗാംഗങ്ങള്‍ അണിനിരന്നു. ആലങ്ങാട് ചെമ്പോല കളരിയിലാണ് അയ്യപ്പന്‍ ആയോധന കല അഭ്യസിച്ചതിന് ശേഷമാണ് എരുമേലിയില്‍ പോയതെന്നാണ് വിശ്വാസം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയില്‍ എത്തിയ ശേഷം പടികള്‍ കഴുകി കര്‍പ്പൂര പൂജയും ആരാധനയും നടത്തി അയ്യപ്പദര്‍ശനശേഷം മാളികപ്പുറത്തേക്ക് മടങ്ങി. സംഘം പ്രസിഡന്റ് സജീവ് കുമാര്‍ തത്തയില്‍, സെക്രട്ടറി രാജു എരുമക്കാട്ട്, രക്ഷാധികാരി ഡോ. രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *