വീട് വിട്ട് വാനിലേക്ക്; സമ്പാദ്യം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയൻ ദമ്പതികളുടെ വ്യത്യസ്തമായ ജീവിതയാത്ര

പെർത്ത്: സ്വന്തമായൊരു വീട് എന്ന സ്വപ്നം ഓസ്‌ട്രേലിയയിലെ കുതിച്ചുയരുന്ന വസ്തുവിലയിൽ തട്ടി തകർന്നപ്പോൾ, വേറിട്ടൊരു ജീവിതശൈലി സ്വീകരിച്ച് ശ്രദ്ധേയരാവുകയാണ് ലിഡിയയും വെഹാനും. കുറച്ചു വർഷങ്ങൾ വാനിൽ യാത്ര ചെയ്ത് പണം സമ്പാദിച്ച ശേഷം ഒരു വീട് വാങ്ങാമെന്നായിരുന്നു ഈ വെസ്റ്റേൺ ഓസ്‌ട്രേലിയൻ ദമ്പതികളുടെ ആദ്യ പ്ലാൻ. എന്നാൽ നാല് വർഷത്തെ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ ഇവർ കണ്ടത് തങ്ങൾ നേരത്തെ വീട് വാങ്ങിയ വിലയുടെ ഇരട്ടിയായി വിപണി മാറിയതാണ്.

പെർത്തിലെ തങ്ങളുടെ നാല് കിടപ്പുമുറികളുള്ള വീട് വിറ്റാണ് 29-കാരിയായ ലിഡിയയും 28-കാരനായ വെഹാനും യാത്ര തുടങ്ങിയത്. ജോലിക്കായുള്ള നീണ്ട യാത്രകളും തിരക്കുപിടിച്ച ജീവിതവും മടുത്തപ്പോഴാണ് ഇവർ വാൻ ജീവിതം തിരഞ്ഞെടുത്തത്. എന്നാൽ തിരിച്ചെത്തിയപ്പോൾ പെർത്തിലെ ശരാശരി വീട് വില 1.3 മില്യൺ ഡോളറായി ഉയർന്നിരുന്നു. ഇത്ര വലിയൊരു തുക കടമെടുത്ത് വീട് വാങ്ങാൻ തയ്യാറാകാത്ത ദമ്പതികൾ, പഴയൊരു പേഷ്യന്റ് ട്രാൻസ്പോർട്ട് വാൻ ലേലത്തിൽ വാങ്ങി അതിനെ ഒരു അത്യാധുനിക വീടാക്കി മാറ്റുകയായിരുന്നു.

ഹോബർട്ടിൽ നിന്ന് 20,220 ഡോളറിന് വാങ്ങിയ മെഴ്സിഡസ് സ്പ്രിന്റർ വാൻ, ഡിസൈനിംഗിൽ താല്പര്യമുള്ള വെഹാൻ തന്നെ നേരിട്ടാണ് താമസയോഗ്യമാക്കിയത്. ഏകദേശം 50,000 ഡോളറോളം ചെലവഴിച്ച് അടുക്കള, ഡബിൾ ബെഡ്, പ്ലംബിംഗ് സംവിധാനങ്ങൾ, കമ്പോസ്റ്റ് ടോയ്ലറ്റ്, വാഷിംഗ് മെഷീൻ എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഈ വാനിൽ ഒരുക്കി. ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ ലിഡിയ ജോലി ചെയ്യുമ്പോൾ, വെഹാൻ തങ്ങളുടെ യാത്രാ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് വരുമാനം കണ്ടെത്തുന്നത്.

ദിവസേന ശരാശരി 64 ഡോളർ (മാസം ഏകദേശം 2000 ഡോളറിൽ താഴെ) മാത്രം ചെലവഴിച്ചാണ് ഇവരുടെ ജീവിതം. ഓസ്‌ട്രേലിയയിലെ റോഡുകളിൽ ഇപ്പോൾ തങ്ങളെപ്പോലെയുള്ള യുവാക്കളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് ഇവർ പറയുന്നു. വസ്തുവില വർദ്ധനവ് മൂലം വീട് വാങ്ങാൻ കഴിയാത്ത പലരും വാൻ ജീവിതത്തിലേക്ക് മാറുകയാണ്. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷം വരെ ഇതേ രീതിയിൽ യാത്ര തുടരാനാണ് ഇവരുടെ തീരുമാനം. ഭാവിയിൽ ടാസ്മാനിയയിൽ സ്ഥിരതാമസമാക്കുക എന്നതാണ് ലിഡിയയുടെയും വെഹാന്റെയും അടുത്ത സ്വപ്നം.

Leave a Reply

Your email address will not be published. Required fields are marked *