എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി..

ഗുരുവായൂരിലെ മയിൽപ്പീലി പുരസ്‌കാരദാനച്ചടങ്ങിന് ശേഷം അബ്ദുസ്സമദ് സമദാനിയോടൊപ്പം ഓഡിറ്റോറിയത്തിന് പുറത്തിറങ്ങിയപ്പോൾ മുന്നിൽ സാക്ഷാൽ ജയചന്ദ്രൻ. ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയതാണ് ഭാവഗായകൻ.

“അതാ എന്റെ പ്രിയഗായകൻ. ഏറ്റവും പ്രിയപ്പെട്ട പാട്ട് പാടിയ ഗായകൻ.” — സമദാനി സാഹിബ് സ്വയം പറഞ്ഞു. ഒപ്പം ഗായകന് നേരെ തിരിഞ്ഞു കൈകൂപ്പി വിനയപൂർവം ഒരഭ്യർത്ഥന കൂടി: “ജയേട്ടാ, ആ പാട്ടിന്റെ രണ്ടു വരിയൊന്ന് പാടിത്തരാൻ കനിവുണ്ടാവണം. എന്റെ മോഹമാണ്.”

പാട്ടേതെന്നറിയാനായിരുന്നു തിടുക്കം. ചോദിക്കേണ്ടിവന്നില്ല; അതിനകം ജയേട്ടൻ പാടിത്തുടങ്ങിയിരുന്നു:

“മനിസൻ മണ്ണില് പരകോടി,

അവന്റെ മനസ്സിന് ശെയ്ത്താന്റെ മുഖം മൂടി,

ചിരികൊണ്ട് മയക്കാൻ വരുന്നത് പലതും

ചിറകുകളില്ലാത്ത ജിന്നാണെടാ… “

1976 ൽ പുറത്തുവന്ന “കായംകുളം കൊച്ചുണ്ണിയുടെ മകൻ” എന്ന ചിത്രത്തിന് വേണ്ടി പാപ്പനംകോട് ലക്ഷ്മണൻ എഴുതി എം കെ അർജ്ജുനൻ സ്വരപ്പെടുത്തിയ പാട്ട്. സിനിമയിൽ പാടുന്നത് കാളവണ്ടിക്കാരനായ പ്രേംനസീറിന്റെ കഥാപാത്രമാണെങ്കിലും രചന തത്വചിന്താപരം. ആഴമുള്ള അർത്ഥതലങ്ങളുള്ള പാട്ട് ലളിതപദാവലികളാൽ നിർമ്മിച്ചെടുത്തിരിക്കുകയാണ് ലക്ഷ്മണൻ.

“മണിവിളക്കെരിയുന്ന മാളികത്തട്ടിലുള്ള

മനിസന്റെയുള്ളിലിന്നും ഇരുളാണെടാ

പണമെന്നു കേട്ടാല്‍ പടച്ചോനെപ്പോലും

പണയം വെയ്കുന്ന ദുനിയാവെടാ

ദുനിയാവെടാ – ഇത് പഹയന്മാരുള്ള

ദുനിയാവെടാ

പകലന്തിയോളവും പാടുപെടുന്നോന്

പതിവായിട്ടിന്നും കണ്ണീരെടാ

നിധികാക്കും ഭൂതങ്ങളിവിടെയിതെല്ലാം

പലകാലമായ് ചെയ്യും ചതിയാണെടാ

ചതിയാണെടാ – ഇത് പകിടയുരുട്ടി-

ക്കളിയാണെടാ…”

അങ്ങനെ പോകുന്നു പാട്ടിന്റെ വരികൾ.

നിരവധി സിനിമകൾക്ക് തിരക്കഥയെഴുതുകയും മറക്കാനാവാത്ത കുറെ ഗാനങ്ങൾ സമ്മാനിക്കുകയും ചെയ്ത പാപ്പനംകോട് ലക്ഷ്മണന്റെ ദീപ്തമായ ഓർമ്മ കൂടിയാണ് ഈ ഗാനം. അർഹിക്കുന്ന രീതിയിൽ അടയാളപ്പെടുത്താതെ പോയ ഒരു കലാസപര്യ. ഇരുപത്തെട്ട് വർഷം മുൻപൊരു ജനുവരി 30 നാണ് അധികമാരുമറിയാതെ അദ്ദേഹം ഒരു അപകടമരണത്തിന് കീഴടങ്ങിയത്. പാപ്പനംകോടിന്റെ കുടുംബം ഇപ്പോൾ താമസിക്കുന്നത് ഇടുക്കിയിലെ പെരുവന്താനത്താണ്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് ഏറെ അകലെ, ഭർത്താവിന്റെ മരിക്കാത്ത ഓർമ്മകളുമായി ജീവിക്കുന്ന പാപ്പനംകോടിന്റെ പത്നിയെ കഴിഞ്ഞ ദിവസം ചില യൂട്യൂബ് ചാനലുകളുടെ അഭിമുഖങ്ങളിൽ കണ്ടപ്പോൾ വീണ്ടും ആ കാലം ഓർമ്മവന്നു. ഒപ്പം അദ്ദേഹം തന്നെ എഴുതിയ വരികളും: “പണമെന്നു കേട്ടാല്‍ പടച്ചോനെപ്പോലും പണയം വെയ്കുന്ന ദുനിയാവെടാ, ഇത് പഹയന്മാരുള്ള ദുനിയാവെടാ….”

എന്തുകൊണ്ടാണ് ഈ പാട്ടിനോട് ഇത്ര സ്നേഹം ? നല്ലൊരു സംഗീതാസ്വാദകൻ കൂടിയായ സമദാനിയോട് ഒരു ചോദ്യം. “അതിൽ അടങ്ങിയിരിക്കുന്ന വിലപ്പെട്ട ജീവിത തത്വം ആദ്യകേൾവിയിൽ തന്നെ മനസ്സിനെ തൊട്ടതുകൊണ്ടാവാം. നിസ്വവർഗ്ഗത്തിന്റെ മനസ്സ് ഇതിലും ഹൃദയസ്പർശിയായി വരച്ചിടാനാവില്ല. അർജുനൻ മാസ്റ്ററുടെ ലളിതമായ ഈണവും ഓരോ വരിക്കും ജയേട്ടൻ പകർന്നു നൽകിയ ഭാവ സ്പർശവും കൂടി ചേർന്നപ്പോൾ മറക്കാനാവാത്ത ഒരനുഭൂതിയായി മാറി ആ പാട്ട്.” ആരാധകന്റെ വാക്കുകൾ കേട്ട് കണ്ണടച്ച് തൊഴുത് നിൽക്കുന്ന ജയചന്ദ്രന്റെ രൂപം ഇന്നുമുണ്ട് ഓർമ്മയിൽ; ഒന്നരപ്പതിറ്റാണ്ടിനിപ്പുറവും. ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനും പാടി അഭിനയിച്ച പ്രേംനസീറും ഇന്നില്ല. പാട്ട് മാത്രം അന്തരീക്ഷത്തിലുണ്ട്. ജീവിതത്തെക്കുറിച്ചുള്ള അതിലെ ഉൾക്കാഴ്ച്ച ഇന്നും പ്രസക്തം.

പാപ്പനംകോട് ലക്ഷ്മണൻ എന്ന പേര് ശ്രദ്ധിച്ചു തുടങ്ങിയത് “നീലസാരി”യിലെ “കാശ്മീര സന്ധ്യകളെ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി” (സംഗീതം: ദക്ഷിണാമൂർത്തി) എന്ന പാട്ട് ആദ്യമായി കാതിൽ വന്നു വീണ നിമിഷങ്ങളിലാവണം. വിവരിക്കാനാവാത്ത എന്തോ ചാരുതയുണ്ടായിരുന്നു ആ “കാശ്മീര സന്ധ്യകൾ”ക്ക്. പിന്നീടറിഞ്ഞു ഇഷ്ടഗാനങ്ങൾ പലതും ആ തൂലികയിൽ പിറന്നവയാണെന്ന്. തപസ്വിനീ ഉണരൂ, എൻ പ്രിയമുരളിയിൽ ഒരു സ്വപ്നഗീതമായ് (നീലസാരി), മൈലാഞ്ചിക്കാട്ടില്, വെള്ളിപ്പൂന്തട്ടമിട്ട്, സ്വപ്‌നങ്ങൾ താഴികക്കുടമേന്തും (കായംകുളം കൊച്ചുണ്ണിയുടെ മകൻ), മനം പോലെയാണോ മാംഗല്യം, സ്വപ്നങ്ങളാദ്യമായ് (മുറ്റത്തെ മുല്ല), സ്വപ്നഹാരമണിഞ്ഞെത്തും, മനുഷ്യപുത്രന്മാരെ നമ്മൾ ജനിച്ചതടിമകളാകാനോ, പഴനിമലക്കോവിലിലെ പാൽക്കാവടി (പിക്‌പോക്കറ്റ്), കസ്തൂരിമാൻമിഴി, അജന്താ ശില്പങ്ങളെ (മനുഷ്യമൃഗം), സ്വപ്നങ്ങളാദ്യമായി (മുറ്റത്തെ മുല്ല), ജിഞ്ചിന്നാക്കടി (രതിമന്മഥൻ), എന്തിന് സ്വർണ്ണ മയൂര സിംഹാസനം, ശാരികത്തേന്മൊഴികൾ (കന്യക), വസന്തം നീൾമിഴിത്തുമ്പിൽ (ഇതിഹാസം), സൗഗന്ധികങ്ങൾ വിടർന്നൂ (മഹാബലി), ശരൽക്കാലങ്ങൾ ഇതൾ ചൂടുന്നതോ, മാൻകണ്ണു തുടിച്ചു (അങ്കം)….

കലാനിലയം നാടകവേദിയുടെ വിഖ്യാതമായ അവതരണഗാനമെഴുതിയതും ലക്ഷ്മണൻ തന്നെ: “സൽകലാദേവതേ, സൽക്കലാദേവി തൻ ചിത്രഗോപുരങ്ങളേ, സർഗ്ഗ സംഗീതമുയർത്തൂ..” കലാനിലയം നിർമ്മിച്ച “ഇന്ദുലേഖ” എന്ന സിനിമയിലും ഉപയോഗിച്ചിട്ടുണ്ട് ഈ ഗാനം; കമുകറ, ഗംഗാധരൻ, അമ്മിണി എന്നിവരുടെ ശബ്ദത്തിൽ. സംഗീതം: ദക്ഷിണാമൂർത്തി.

1970 കളിലും 80 കളിലും ബോക്സോഫീസ് റെക്കോർഡുകൾ തിരുത്തിയ പല പടങ്ങളുടെയും കഥയും തിരക്കഥയും ലക്ഷ്മണന്റേതായിരുന്നു: മൂർഖൻ, ഇതിഹാസം, മനുഷ്യമൃഗം, പിക്‌പോക്കറ്റ്, കരിപുരണ്ട ജീവിതങ്ങൾ, ആരംഭം, ശക്തി, അങ്കക്കുറി, രതിമന്മഥൻ, ജസ്റ്റിസ് രാജ.. ജീവിതത്തിന്റെ നല്ലൊരു ഭാഗവും നാടക – സിനിമാ വേദികൾക്ക് പിറകെ സ്വപ്‌നാടകനെപ്പോലെ യാത്ര ചെയ്ത ലക്ഷ്മണനെ എത്ര പേർ ഓർക്കുന്നു ഇന്ന് ?

“നിനക്ക് ഞാനും എനിക്ക് നീയും” എന്ന ചിത്രത്തിന് വേണ്ടി അര നൂറ്റാണ്ടോളം മുൻപ് പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ വരികളാണ് ഓർമ്മയിൽ:

“ദുഃഖങ്ങൾ ഏതുവരെ ഭൂമിയിൽ സ്വപ്‌നങ്ങൾ തീരുംവരെ

ഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയും

ഇടയിൽ കടന്നുവരും നിഴലിന്റെ രൂപം

നിർണ്ണയിക്കാൻ ആർക്ക് കഴിയും — അത്

നിരന്തരം മാറിവരും….”

രവിമേനോൻ

Leave a Reply

Your email address will not be published. Required fields are marked *