ഉച്ചസൂര്യനുച്ചിയിൽ,
വെന്തുരുക്കുമീ വെയിൽ
ഒരു മരത്തണൽവിളി
‘വന്നുനില്ക്കു തെല്ലിട’!
തണലുമായ് വിളിപ്പതി-
ന്നേതു മരമതാകിലും
വരമതെന്നു മാത്രമേ
കരുതിയങ്ങു ചെന്നുപോയ്
തണലതിന്റെ കരുണയിൽ
മടക്കിയെൻ വെയിൽക്കുട,
തുരുതുരെപ്പൊഴിഞ്ഞതെ –
ന്തുടലിലിത്ര പൂക്കളോ?
പൂക്കളല്ല, നൂലിലായ്
ക്കോർത്തു വീണതത്രയും
ചെറുപുഴുക്കളെന്നുക –
ണ്ടൊന്നു ഞെട്ടിയപ്പോഴേ
നുരയുമാപ്പുഴുക്കളെ
കുടയുവാൻ തിടുക്കമാ-
യുടനെയാത്തണൽ വെടി-
ഞ്ഞോടിനിന്നു വെയിലിലായ്
തണലുകാട്ടിയിവ്വിധം
ചതിച്ചതേതു മരമിതോ
തലയുയർത്തിനോക്കവേ
ചിരിയുമായി പെരുമരം!
മരമതിന്റെ ചിരിയിലാ-
യുണ്ടു ചോദ്യമിങ്ങനെ
അകലെനിന്നു നോക്കിയാ-
ലറിയുമോ നിജസ്ഥിതി !
തണലിലെന്നുമെപ്പോഴും
സ്നേഹമായ്ച്ചൊരിഞ്ഞിടും
പൂക്കളേ പൊഴിഞ്ഞിടൂവെ-
ന്നാരു ചൊല്ലിക്കേട്ടതോ?
സിംപിൾ ചന്ദ്രൻ

