“നമസ്‌കാരം.
എല്ലാ മാന്യപ്രേക്ഷകര്‍ക്കും
കണ്ണാടിയിലേക്ക് സ്വാഗതം”
ടെലിവിഷന്‍പ്രേക്ഷകരുടെ
മനസ്സിലിന്നും പതിഞ്ഞുകിടക്കുന്ന
വാചകമാണിത്.
ചുണ്ടിലൊരു ചെറുപുഞ്ചിരിയും,
പരുക്കന്‍ശബ്ദവും നിറഞ്ഞ
ആ വ്യക്തിത്വം, ടി.എന്‍ ഗോപകുമാറെന്ന
മലയാള ദൃശ്യ മാദ്ധ്യമരംഗത്തെ കുലഗുരു..
എട്ടുവർഷം മുമ്പുള്ളൊരു
ജനുവരി 30ന്
എന്നേയ്ക്കുമായി
ആ സ്വരം നിശ്ചലമായപ്പോൾ
കടന്നുകയറിയ
ശൂന്യതയുടെ മരവിപ്പിന്
മോചനമില്ലാതെ പോയി.
അദ്ദേഹമൊഴിഞ്ഞുവച്ച സിംഹാസനത്തിലിരിക്കാൻ
ഇനിയൊരിക്കലും
ഇതുപോലൊരു മലയാളിയുണ്ടാവില്ലല്ലോ
എന്ന തിരിച്ചറിവ്,
മലയാളത്തിനെന്നും
വലിയൊരു നഷ്ടം തന്നെയാണ്.
ടി.എൻ.ഗോപകുമാർ
വെറുമൊരു
മാദ്ധ്യമപ്രവർത്തകൻ മാത്രമായിരുന്നില്ല.
കേരളത്തിലെ
നിരവധി മാദ്ധ്യമപ്രവര്‍ത്തകരുടെ
ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍
ടി.എന്‍.ജി.യെന്ന് ഏവരും
സ്നേഹപൂര്‍വം വിളിക്കുന്ന
ടി.എന്‍.ഗോപകുമാറിന്റെ പങ്ക്
ഏറെ വലുതായിരുന്നു.
ആരിലുംമതിപ്പുളവാക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ഗുരുവായും, വഴികാട്ടിയായും, സുഹൃത്തായുമൊക്കെ
അദ്ദേഹം മാദ്ധ്യമസദസ്സുകളില്‍ നിറഞ്ഞുനിന്നു.
സാഹിത്യരംഗത്തും സാംസ്‌കാരികരംഗത്തും ചലച്ചിത്രരംഗത്തുമെല്ലാം
സാന്നിദ്ധ്യമറിയിച്ച ടി.എന്‍ ഗോപകുമാര്‍ കണ്ണാടിയെന്ന ഒറ്റപ്പരിപാടിയിലൂടെ
നിരവധിപേരുടെ കണ്ണീരാണൊപ്പിയെടുത്തത്.
അവഗണിക്കപ്പെട്ടവരുടെവേദനകളും വ്യഥകളുമെല്ലാം
ലോകത്തിനു മുന്നിലെത്തിക്കുകയും നിരാലംബരായ ആയിരങ്ങള്‍ക്കു
ധനസഹായം ലഭ്യമാക്കുകയും ചെയ്ത കണ്ണാടി മാദ്ധ്യമപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ എക്കാലത്തും വേറിട്ടൊരു അദ്ധ്യായമായിരുന്നു.
ടി.എൻ.ജി.യുടെ കൈകളിൽ അത് ഭദ്രമായിരുന്നു.
വാര്‍ത്തകളില്‍ ഇടംപിടിക്കാതെ, അറിഞ്ഞുമറിയാതെയും തമസ്‌കരിക്കപ്പെട്ടുകൊണ്ടിരുന്ന കേരളത്തിലെ സാധാരണമനുഷ്യരുടെ അസാധാരണമായ ജീവിതാവസ്ഥകള്‍ കണ്ണാടിയിലൂടെയാണ് ലോകമലയാളികള്‍ ആദ്യമായി കണ്ടതും,
അറിഞ്ഞതും,
അനുഭവിച്ചതും.
അധികാരകേന്ദ്രങ്ങളുടെയും വ്യവസ്ഥാപിത മൂല്യങ്ങളുടെയും അധീശഭാവത്തെ നിര്‍ഭയം നിരാകരിച്ചുകൊണ്ടാണ് ഗോപകുമാര്‍ തന്റെ വൃത്താന്തകഥകളെ ജനകീയവല്‍ക്കരിച്ചത്. അതുകൊണ്ടാണ്, മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള മാദ്ധ്യമപ്രവര്‍ത്തകനെന്നവിശേഷണം ഗോപകുമാറിന് ലഭിച്ചതും.
വാര്‍ത്തകളിലെ നിലപാടുമാത്രമല്ല, വാര്‍ത്താവതരണത്തിലെ സവിശേഷതയും പ്രേക്ഷകപ്രീതിക്ക് കാരണമായി. മാദ്ധ്യമ പ്രവര്‍ത്തകര്‍ നിഷ്പക്ഷതയായി മിക്കപ്പോഴും തെറ്റിദ്ധരിക്കുന്നത് നിസ്സംഗതയെയാണെന്ന
തിരിച്ചറിവാണ്
ഗോപകുമാറിന്റെ സവിശേഷമായ നിലപാടിനും നിശിതമായ വിവരണഭാഷയ്ക്കുംകാരണം.
ടി.എൻ.ഗോപകുമാര്‍ വസ്തുതകളുടെമാത്രം
വെറുമൊരു റിപ്പോര്‍ട്ടറായിരുന്നില്ല.
പുറമെ കാണുന്നതിന്റെ പൊരുളും, നാനാര്‍ത്ഥങ്ങളും തിരിച്ചറിയുന്ന മൗലിക കലാകാരന്റെ ദര്‍ശനശേഷിയുള്ള ജേർണലിസ്റ്റായിരുന്നു. അതുകൊണ്ടാണ് ജേർണ്ണലിസവും സിനിമാരചനയും സാഹിത്യമെഴുത്തുമെല്ലാം
ഒരുപോലെ അനായാസം നിര്‍വ്വഹിക്കുവാന്‍ ഗോപകുമാറിന് കഴിഞ്ഞത്.
എഴുത്തുകളിലായാലും അവതരണത്തിലായാലും
തെറ്റുകളെ മറയില്ലാതെ പറയാൻ
അദ്ദേഹം ധൈര്യംകാട്ടി.
ആരെയും പേടിച്ചതുമില്ല അദ്ദേഹം.
എന്തായിരുന്നു ഒരു റിപ്പോർട്ടർ,
അതല്ലെങ്കിൽ എങ്ങനെയാകണം
ഒരു ജേർണലിസ്റ്റ്..എന്നദ്ദേഹം
വരും തലമുറയ്ക്ക് കാട്ടിക്കൊടുത്തു.
സത്യത്തിനു നേരെയായിരുന്നു,
നീതിയ്ക്കു വേണ്ടിയായിരുന്നു
അദ്ദേഹത്തിന്റെ ഉൾക്കണ്ണാടി
ജീവിതാവസാനം വരെ
ഫോക്കസ് ചെയ്തിരുന്നത്.
വിനോദ് കട്ടച്ചിറ

