കുടുംബ ബന്ധങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ കുറിച്ചാണ് “കുടുംബ സംഗമ”ത്തിൽ സംസാരിക്കേണ്ടത് എന്നറിഞ്ഞപ്പോൾ ഓർമ്മകൾ ശൈശവത്തിലേക്ക് തിരികെ നടന്നു; കുഴിനഖം കുട്ടൻ പിള്ളയിലേക്കും.
അന്നത്തെ സ്കൂൾ കുട്ടികൾ പലരും ഉണ്ടായിരുന്നു സദസ്സിൽ. മധ്യവയസ്സ് പിന്നിട്ടിട്ടും കുട്ടിത്തം കൈവിടാത്തവർ…. ഇതാ ആ ഓർമ്മ ഒരിക്കൽ കൂടി.
———————
ഹോട്ടലെന്ന് കരുതി ബാർബർ ഷോപ്പിൽ കയറി ഓരോ പ്ളേറ്റ് കട്ടിംഗും ഷേവിംഗും ഓർഡർ ചെയ്ത മൂപ്പിൽസിന്റെ കഥ പറഞ്ഞ് തളത്തിൽ ദിനേശൻ ഭാര്യ ശോഭയെ കുടുകുടാ ചിരിപ്പിക്കാൻ ശ്രമിച്ചത് “വടക്കുനോക്കിയന്ത്ര”ത്തിലാണ്. ഉണ്ടക്കണ്ണിൽ അന്ധാളിപ്പുമായി ശോഭ മിഴുങ്ങസ്യാ എന്ന് നിന്നെങ്കിലും മലയാളികൾ ആ കോമഡി കേട്ട് തലയറഞ്ഞു ചിരിച്ചത് ഇന്ന് ചരിത്രം.
അതിനും പത്തുപതിനഞ്ചു വർഷം മുൻപേ സാക്ഷാൽ കുഴിനഖം കുട്ടൻപിള്ളയും കാണിച്ചിട്ടുണ്ട് അതേ സാഹസം എന്നറിയുമോ? പന്ത്രണ്ടാം വയസ്സിൽ, ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ അഭിനയിച്ച നാടകത്തിൽ നിന്ന് ഓർമ്മയിൽ അവശേഷിക്കുന്ന ഒരേയൊരു രംഗം; ഒരേയൊരു ഡയലോഗ്. ഇന്നും ചുണ്ടിൽ ചിരിയുണർത്തുന്ന ഒരു അവധിക്കാല ഓർമ്മ.
നാട്ടിൻപുറത്തു നിന്ന് ആദ്യമായി നഗരത്തിൽ വന്നുപെട്ടിരിക്കുകയാണ് കുട്ടൻപിള്ളയും ധർമ്മപത്നി ഇന്ദ്രാണിയും. ആകെയൊരു സ്ഥലകാല വിഭ്രമം. വിസ്മയക്കാഴ്ചകളാണ് ചുറ്റിലും. കാറുകൾ, ഓട്ടോറിക്ഷകൾ, ബെൽബോട്ടം ധരിച്ച ചെക്കന്മാർ, കൂളിങ് ഗ്ലാസ്സ് വെച്ച പെണ്ണുങ്ങൾ, കയ്യും കലാശവും കാട്ടുന്ന ട്രാഫിക് പോലീസുകാർ. റോഡരികിലെ കടയ്ക്ക് മുന്നിൽ സലൂൺ എന്ന ബോർഡ് കണ്ട് നിഷ്കളങ്കനും ശുംഭനുമായ (പൊട്ടൻ എന്ന് ശുദ്ധമലയാളം) കുട്ടൻപിള്ള ഭാര്യയോട് പറയുന്നു. “ശിവ ശിവ , എന്താ കഥ. സംസ്കൃതത്തിലല്ലേ എഴുതി വെച്ചടക്കണത്. സലൂൺ, സൽ–ഊൺ. സംശ്യല്യ. ഇന്നത്തെ ഊണ് ഇബടെത്തന്നെ. വര്വാ വര്വാ..”
പിള്ളയും ഇന്ദ്രാണിയും സലൂണിൽ കയറി സുഭിക്ഷമായ ഊണ് ഓർഡർ ചെയ്തതും കടയുടമ കത്രികയും കത്തിയുമായി പ്രത്യക്ഷപ്പെട്ടതും, ഗ്രാമീണ ദമ്പതികൾ ജീവനും കൊണ്ട് ഇറങ്ങിയോടിയതും കഥയുടെ ക്ളൈമാക്സ്.
ഈ സീൻ വായിച്ചാൽ, സങ്കല്പിച്ചാൽ പോലും, പുത്തൻ തലമുറയ്ക്ക് ചിരി വരില്ല. അസാരം പുച്ഛവും തോന്നും. “ദെന്തൊരു മ്യാരക വളിപ്പ്” എന്ന് പറയും അവർ. തികച്ചും സ്വാഭാവികം. പക്ഷേ നാല് പതിറ്റാണ്ടോളം മുൻപ് അന്നത്തെ ന്യൂജൻ ആയിരുന്ന ഞങ്ങൾ സ്കൂൾ കുട്ടികൾക്ക് ഇതൊക്കെ മതിയായിരുന്നു മതിമറന്ന് ചിരിക്കാൻ. പാവം കുട്ട്യോളല്ലേ ചിരിച്ചുകളയാം എന്നോർത്തായിരിക്കണം, അമ്മാവന്മാരും വല്യമ്മമാരും അടങ്ങിയ ഞങ്ങളുടെ സദസ്സും ചിരിച്ചു. നാടകാന്തം, കൂട്ടത്തിൽ കാരണവരായ അപ്പുണ്ണിമ്മാമ “സ്റ്റേജിൽ” കയറിവന്ന് മികച്ച അഭിനയത്തിന് കുട്ടൻപിള്ളയായ എനിക്ക് ഒരു സ്നേഹസമ്മാനം തരുകയും ചെയ്തു: കോട്ടക്കൽ ആര്യവൈദ്യശാലയുടെ അശ്വഗന്ധാദി ലേഹ്യത്തിന്റെ ഒരു ഒഴിഞ്ഞ പച്ച ടിൻ. അഭിനയത്തിന് ജീവിതത്തിലാദ്യമായും അവസാനമായും ലഭിച്ച അംഗീകാരം.
വെക്കേഷൻ കാലത്ത് പതിവായി വയനാട്ടിലെ ചുണ്ടേൽ നിന്ന് മലപ്പുറം ജില്ലയിലെ എടരിക്കോട്ടുള്ള അമ്മയുടെ തറവാട്ടു വീട്ടിലെത്തും ഞങ്ങൾ — ഞാനും കൂടപ്പിറപ്പുകളായ രജിയും രഞ്ജിനിയും. ഞങ്ങളുടെ എല്ലാ അവധിക്കാല അധികപ്രസംഗങ്ങൾക്കും കൂട്ടായി അമ്മയുടെ ജ്യേഷ്ഠത്തിയുടെ മക്കളുണ്ട് അവിടെ: ഗോപിയേട്ടൻ, പാർവ്വതിയേടത്തി, ലക്ഷ്മി. ഇക്കൂട്ടത്തിലേക്ക് ഉണ്ണി, രമ, അമ്മു, ബാലു, ഉഷ, ശോഭ, സുരേഷ്, രാജു തുടങ്ങിയ “കസിൻസ് ആർമി” കൂടി ഇരമ്പിയെത്തുന്നതോടെ കോറം തികഞ്ഞു. കളി, ചിരി, രാവിലത്തെ മാങ്ങ പെറുക്കൽ, ലൂഡോ, കാരംസ്, റമ്മി, പാമ്പും കോണിയും, സിനിമാപ്പേര് പറഞ്ഞുകളിക്കൽ, ബോൾ ബാഡ്മിന്റൺ, ഫാന്റം–ഇരുമ്പുകൈ മായാവി — സി ഐ ഡി മൂസ — എനിഡ് ബ്ലൈറ്റൺ വായന, പടിപ്പുരയിലിരുന്ന് വായ് നോക്കൽ, പാൽപ്പൊടി കട്ടുതിന്നൽ, കുളത്തിൽ ചാടിക്കുളി, ലങ്കാദഹനം, പഞ്ചവടി, പട്ടാഭിഷേകം, സംഭവാമി യുഗേ യുഗേ തുടങ്ങിയ ഭക്തിരസ പ്രധാനമായ സിനിമകൾ കാണൽ (ഇത്തരം തട്ടുപൊളിപ്പൻ മസാലപ്പടങ്ങൾ എല്ലാം ഭക്തിസിനിമകൾ ആണെന്ന് വിശ്വസിച്ച് തന്ത്രശാലികളായ പേരക്കുട്ടികളെ കോട്ടക്കൽ രാധാകൃഷ്ണ ടാക്കീസിലേക്ക് ഭക്തിപുരസ്സരം യാത്രയാകുന്ന അമ്മമ്മ ക്ഷമിക്കും എന്ന് കരുതുന്നു),…. അങ്ങനെ ഒന്ന് ശ്വാസം വിടാൻ പോലും സാവകാശം നൽകാത്ത ആ തിരക്കുപിടിച്ച അവധിക്കാല ഷെഡ്യൂൾ ഒരിക്കലും തീർന്നുപോകരുതേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട് അക്കാലത്ത്.
അതിനിടയിലേക്കാണ് നാടകത്തിന്റെ വരവ്. ആശയം മുന്നോട്ടു വെച്ചത് പാർവത്യേടത്തി . “രഞ്ജിനി” എന്നൊരു കയ്യെഴുത്തുമാസികയുണ്ട് അന്ന് ഞങ്ങൾക്ക്. അതിലെ വരയും എഴുത്തും പരസ്യങ്ങളും ഒക്കെ ഞങ്ങൾ കീറാച്ചികളുടെ (പ്രയോഗം അപ്പുണ്ണിമ്മാമയുടെ) വക തന്നെ. സ്വന്തം പേരിലും തൂലികാനാമത്തിലും ഒക്കെ വാരിവലിച്ചെഴുതും ഞങ്ങൾ. പാർവത്യേടത്തി “ബ്രൂ”വും ലക്ഷ്മി “ലക്സും” ആറടിക്കാരനായ ഗോപിയേട്ടൻ കെ പി ജി ലോംഗ്ഫെലോയും ഞാൻ ശ്രീപുരം സാജുവും ഒക്കെയായി നിറയും ആ താളുകളിൽ. “രഞ്ജിനി”യിൽ ഗോപിയേട്ടൻ എഴുതിയ കുഴിനഖം കുട്ടൻപിളള എന്ന ലഘുനാടകം വേദിയിൽ അവതരിപ്പിച്ചാലോ എന്നൊരു ചിന്ത. അധികം ഡയലോഗില്ല; കഥാപാത്രങ്ങളും.
ആദ്യം ആലോചിച്ചിരുന്നത് “മാലിഭാരതം” നാടകമാക്കാനാണ്. എല്ലാവർക്കും ഇഷ്ടപ്പെട്ട, ആവർത്തിച്ചു വായിച്ചാസ്വദിച്ച പുസ്തകം. പക്ഷേ വിശാലമായ കാൻവാസാണ് മഹാഭാരതത്തിന്റേത്. കഥാപാത്രങ്ങൾക്ക് കയ്യും കണക്കുമില്ല. കൗരവർ തന്നെ വരും നൂറ്റൊന്ന്. മാത്രമല്ല ഭീമസേനന്റെയും ഘടോൽക്കചന്റെയും റോളൊന്നും എടുക്കാൻ പോന്ന ശരീര പ്രകൃതിയല്ല ഞങ്ങളിൽ ആരുടേതും. പോരാത്തതിന് കിരീടം, വാൾ, പരിച, ഗദ, അമ്പും വില്ലും തുടങ്ങിയ ഉപദംശങ്ങളും വേണം. കാർഡ്ബോർഡ് മുറിച്ച് വാളുണ്ടാക്കാൻ നോക്കി ദയനീയമായി പരാജയപ്പെട്ട കഥ ഞങ്ങൾക്കല്ലേ അറിയൂ. ചോര തുടിക്കുന്ന ഡയലോഗ് പറഞ്ഞു ഉറയിൽ നിന്ന് വാളെടുക്കുമ്പോഴാണ് സാധനം പാതിയേ ഉള്ളൂ എന്നറിയുക. അതോടെ സംഗതി മൊത്തം കോമഡിയാകും. മഹാഭാരതത്തെ അപമാനിച്ചതിന് അമ്മമ്മയുടെ ശിക്ഷ വേറെ. എന്നാൽ പിന്നെ പുരാണത്തെ വെറുതെ വിട്ട് സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തെ കശാപ്പു ചെയ്തുകളയാം എന്ന് തീരുമാനിക്കുന്നു ഞങ്ങൾ. അങ്ങനെയാണ് കുട്ടൻപിള്ളയെ ശരണം പ്രാപിക്കുന്നത്.
നടീനടന്മാരെ നിശ്ചയിച്ചത് സംവിധായകരായ ഗോപിയേട്ടനും പാർവത്യേടത്തിയും ചേർന്ന്. കുട്ടൻ പിള്ളയായി ഞാൻ. ഇന്ദ്രാണിയായി രമ. മറ്റു റോളുകളിലും അനുയോജ്യ താരങ്ങൾ നിരന്നു. ഉണ്ണി, രജി, അമ്മു…..ഗസ്റ്റ് റോളിൽ വന്ന രഞ്ജിനിയാണ് ഏറ്റവും “തികവാർന്ന” അഭിനയം കാഴ്ച വെച്ചത്. നാടകകൃത്തിന്റെ സ്ക്രിപ്റ്റ് അതേപടി, കൃത്യതയോടെ വേദിയിൽ പകർത്തി എല്ലാവരെയും അമ്പരപ്പിച്ചുകളഞ്ഞു ലോവർ പ്രൈമറിക്കാരിയായ അവൾ. ഗോപിയേട്ടൻ എഴുതിവെച്ചത്, എന്നാൽ ഞാൻ പോട്ടെ (പോകുന്നു) എന്നാണെങ്കിൽ, രഞ്ജിനി പറയുക “എന്നാൽ ഞാൻ പോട്ടെ, പോകുന്നു” എന്ന്. ബ്രാക്കറ്റുകൾ അവളെ സംബന്ധിച്ച് തീർത്തും അപ്രസക്തം. അക്കഥയോർത്ത് പൊട്ടിച്ചിരിച്ചിട്ടുണ്ട് ലോസാഞ്ചലസിൽ നിന്ന് അവൾ അടുത്തിടെ ഫോൺ വിളിച്ചപ്പോൾ പോലും.

ദിവസങ്ങൾ നീണ്ട റിഹേഴ്സ്ലിനൊടുവിൽ ഒരു രാത്രി കഞ്ഞികുടി കഴിഞ്ഞ് “തട്ടിൽ കയറാൻ” സജ്ജരാകുന്നു ഞങ്ങൾ. പള്ളിയാൽക്കളം വീടിന്റെ സ്വീകരണ മുറിയാണ് വേദി. സദസ്യരായി അമ്മയും അമ്മയുടെ ചേച്ചിമാരും അവരുടെ ഭർത്താക്കന്മാരും കുട്ടിമ്മാമയും പിന്നെ പ്രായത്തിൽ മൂപ്പന്മാരായ കസിൻസും. റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ ബാലമ്മാമയെ മുന്നിൽ കണ്ടപ്പോൾ ഞങ്ങളുടെ വയറൊന്നു കാളി എന്നത് സത്യം. വലിയ ഗൗരവക്കാരനാണ്. അധികം ചിരിക്കാറില്ല — കുട്ടികളോട് പ്രത്യേകിച്ചും. ഞങ്ങളുടെ കോപ്രാട്ടികൾ കണ്ട് അദ്ദേഹം ക്ഷുഭിതനായാലോ? എന്നാൽ മറിച്ചാണ് സംഭവിച്ചത്. നാടകത്തിൽ ഞങ്ങൾ വരുതിക്കൂട്ടിയ വങ്കത്തരങ്ങൾ കണ്ട് (ഡയലോഗ് മറന്നുപോകുക, സമയത്തിന് സ്റ്റേജിൽ വരാതിരിക്കുക, പോകേണ്ട സമയമായിട്ടും കുന്തം പോലെ നിൽക്കുക, നടന്നുപോകുമ്പോൾ മുണ്ടഴിയുക…..അങ്ങനെയങ്ങനെ) പൊട്ടിച്ചിരിച്ചുപോയി അദ്ദേഹം. വിരലുകൾക്കിടയിൽ സദാ എരിഞ്ഞുനിന്ന സന്തത സഹചാരിയായ പാനമ സിഗരറ്റ് പോലും ഞങ്ങളുടെ ഭാവാഭിനയം കണ്ട് കുലുങ്ങിച്ചിരിച്ചു പോയോ എന്നൊരു സംശയം….
ഓർമ്മകൾ നിലയ്കുന്നില്ല; നാടകത്തിന് തിരശ്ശീല വീണിട്ട് പതിറ്റാണ്ടുകൾ പലതായിട്ടും……. അന്നത്തെ സദസ്സിലേക്ക് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ പല മുഖങ്ങളും ഓർമ്മയായിരിക്കുന്നു. അല്ലാത്തവർ പലരും പ്രായാധിക്യത്തിന്റെ അവശതകളുമായി പൊരുതുന്നു.
ഓർമ്മകളിൽ പക്ഷേ, അവർക്കെന്നും ചെറുപ്പമാണ്. ഞങ്ങൾക്കെല്ലാം ശൈശവവും. കളിയും ചിരിയും കുസൃതിയും കുന്നായ്മയും നിറഞ്ഞ ശൈശവം.
രവിമേനോൻ

