ആദ്യകാല നക്സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഏറെനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
കുന്നിക്കല്‍ നാരായണന്‍, വര്‍ഗീസ്, മന്ദാകിനി, അജിത തുടങ്ങിയ നക്‌സൽ നേതാക്കൾക്ക് സമകാലികനായിരുന്നു വെള്ളത്തൂവല്‍ സ്റ്റീഫന്‍. കേരളത്തിലുടനീളം നക്‌സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അക്കാലത്ത് ഇദ്ദേഹം പങ്കുവഹിച്ചു.
കേരളത്തിലെ ആദ്യത്തെ നക്സലൈറ്റ് ഓപ്പറേഷൻ എന്നറിയപ്പെടുന്ന 1968-ലെ ‘തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണ’ത്തിൻ്റെ സൂത്രധാരരിൽ ഒരാളായിരുന്നു സ്റ്റീഫൻ; ഇതു നടന്നതിനെ തുടർന്ന് സ്റ്റീഫൻ ഒളിവിൽപോയി; മൂന്നു വർഷക്കാലം ഒളിവിൽ പ്രവർത്തനം നടത്തിയ ശേഷമാണ് അറസ്റ്റിലാകുന്നത്.
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണ് ജനനം. പിന്നീട് ആ കുടുംബം ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറി.
സ്കറിയയുടെ മക്കളിൽ മൂന്നാമനാണ് സ്റ്റീഫൻ. രണ്ടു സഹോദരിമാരുടെ അനുജൻ. കുഞ്ഞു സ്റ്റീഫന്റെ മനസ്സിലേക്ക് കമ്യൂണിസം വരുന്നത് പാർട്ടിക്കാരനായ പിതാവ് സ്കറിയയുടെ മടിയിലിരുന്ന് സ്റ്റഡി ക്ലാസുകൾ കേട്ടു തുടങ്ങിയപ്പോഴാണ്….
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാർട്ടിയിലേക്ക് വന്നു. ശേഷം, 1964-ൽ പാർട്ടി പിളർന്നപ്പോൾ സിപിഐ-യിൽ തുടന്നു. ഏറെക്കഴിയാതെ നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി. തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് അദ്ദേഹം സായുധ വിപ്ലവ പ്രസ്ഥാനത്തിൽ സജീവ പോരാളിയായി മാറിയത്.

1971-ൽ ഉദ്യോഗമണ്ഡലിൽ നിന്നാണ് വെള്ളത്തൂവൽ സ്റ്റീഫനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളാണ് സ്റ്റീഫനതിരെ ഉണ്ടായിരുന്നത്.
ജയിലിൽ വച്ചുതന്നെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) സ്ഥാപകനേതാവും ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായിരുന്ന ചാരുമജുംദാറിൻ്റെ ഉന്മൂലനമാർഗം ഉപേക്ഷിച്ചിരുന്നു. തുടർന്ന് ജയിലിൽ വച്ചുതന്നെ നക്‌സൽ പ്രവർത്തനം ഉപേക്ഷിച്ചു. ‘പാകതവരാത്ത ചെറുപ്പമായതിനാല്‍ വിപ്ലവം അറിവില്ലായ്‌മയിൽ നിന്നുള്ള ആവേശമായിരുന്നു’ എന്നായിരുന്നു നക്‌സലിസത്തെ കുറിച്ചുള്ള വെള്ളത്തൂവൽ സ്റ്റീഫൻ്റെ ഭാഷ്യം.
വിവിധ കേസുകളിലായി 11 വർഷക്കാലമാണ് സ്റ്റീഫൻ ജയിലിൽ കഴിഞ്ഞത്. 1982-ൽ ആണ് സ്റ്റീഫൻ ജയിൽ മോചിതനാകുന്നത്.
മോചനത്തിന് ശേഷം കുറച്ചുകാലത്തേക്ക് സുവിശേഷപ്രവർത്തനത്തിലേക്ക് തിരിഞ്ഞിരുന്നു. അദ്ദേഹം പിന്നീട് ഇടുക്കി ജില്ലയിലെ ചേലച്ചുവട്ടിൽ ഒരു തയ്യൽ കട നടത്തിയാണ് ജീവിതം നയിച്ചത്.

ചരിത്രശാസ്ത്രവും മാർക്‌സിയൻ ദർശനവും, പ്രചോദനം ആതതായികൾ, അർധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാന കൃതികൾ.
2021 ഡിസംബറിലാണ് ‘വെള്ളത്തൂവൽ സ്റ്റീഫൻ്റെ ആത്മകഥ’ എന്ന പേരിൽ ജീവിതാനുഭവങ്ങൾ ചേർത്ത പുസ്‌തകം പുറത്തിറങ്ങുന്നത്. നക്‌സൽ നേതാക്കളും സ്റ്റീഫൻ്റെ സഹയാത്രികനുമായിരുന്ന വര്‍ഗീസ് ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങൾ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആർ. ഗോപാലകൃഷ്ണൻ

