കവി, ഉപന്യാസകൻ, വിവർത്തകൻ, ഗാനരചയിതാവ്
അദ്ധാപകൻ, പാർലമെന്റ് അംഗം
ജി എന്ന ഏകാക്ഷരപ്പേരിൽ പ്രസിദ്ധനായ ;
ആദ്യ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിലേക്കെത്തിച്ച
ജി.ശങ്കരക്കുറുപ്പ് ഓർമ്മയായിട്ട് ഇന്ന് 48 വർഷം .
1901 ജൂൺ 3-ന്, എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള
നായത്തോട് എന്ന സ്ഥലത്ത് ജനനം.
സംസ്കൃതത്തിലെ ആദ്യ പാഠങ്ങൾ വരെ അമ്മാവനിൽ നിന്നും പഠിച്ചു.
തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ ചേർന്നു പഠിച്ചു.
17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു.
തുടർ വിദ്യാസത്തിനു ശേഷം 1937-ൽ എറണാകുളം
മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി .
പെരുന്തച്ചൻ സൂര്യകാന്തി നിമിഷം ഓടക്കുഴൽ
പഥികന്റെ പാട്ട് വിശ്വദർശനം മൂന്നരുവിയും ഒരു പുഴയും
ജീവനസംഗീതം സാഹിത്യകൗതുകം (3 വാല്യങ്ങൾ )
പൂജാപുഷ്പം കാറ്റേ വാ കടലേ വാ ( ബാല സാഹിത്യം)
ഇളംചുണ്ടുകൾ ഓലപ്പീപ്പി ചന്ദനക്കട്ടിൽ
പാഥേയം പന്യാസങ്ങൾ, ആത്മകഥ
തർജ്ജമകൾ ജീവചരിത്രങ്ങൾ ബാല കവിതാ സമാഹാരങ്ങൾ
തുടങ്ങി നിരവധി കൃതികൾ!
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം.
കേരള സാഹിത്യ അക്കാദമി അവാർഡ് , കേന്ദ്ര സാഹിത്യ
അക്കാദമി അവാർഡ്, ജ്ഞാനപീഠം
രാജ്യസഭാംഗത്വം (നാമനിർദ്ദേശം 1968 – 72) എന്നിവ
ഈ പ്രതിഭാധനനെത്തേടിയെത്തി.
മനുഷ്യനെ കാവ്യാനന്ദത്തിലൂടെ കർമ്മനിരതനാക്കാൻ
പ്രേരിപ്പിച്ച; മാനുഷികതക്കുവേണ്ടി തൂലികചലിപ്പിച്ച
ഈ മഹാകവിയുടെ ഓർമ്മയ്ക്കുമുമ്പിൽ
പ്രണാമം .!
65 വർഷം മുൻപ് പ്രസിദ്ധീകരിച്ച “പാഥേയം”
എന്ന കവിതാ സമാഹാരത്തിലെ
ഈ വരികൾ ഈ ഓർമ്മദിനത്തിൽ
ഇവിടെ കുറിക്കുന്നു.
ദൂരചക്രവാളത്തിൽ
ദൃഷ്ടികളൂന്നിക്കൊണ്ടു
ധീരമാം പദം നീട്ടി –
വയ്ക്കുന്ന യാത്രക്കാരാ,
സത്യവും സൗന്ദര്യവും
സംഗമിച്ചൊന്നാകുന്നോ-
രത്യന്തപവിത്രമാം
തീർത്ഥത്തിലേയ്ക്കാണെങ്കിൽ
ഈ ലഘു പാഥേയത്തെ
സ്വീകരിച്ചാലും സ്നേഹ-
ശീലനാമൊരു കൂട്ടു –
വഴിപോക്കനിൽ നിന്നും.
സ്നിഗ്ധമാം കുറെസ്സങ്ക-
ല്പങ്ങളാണിതിൽ പ്രേമ –
മുഗ്ധമാമൊരു ഹൃത്തിൻ
ചെറുചൂടുമുണ്ടാവും .
പൂജാപുഷ്പം എന്ന കവിതയിൽ തുടങ്ങി വിശ്വദർശനം വരെ
135 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്…
34 – മതായി ഇന്നു ഞാൻ നാളെ നീ എന്ന കവിതയും
പഥികന്റെ പാട്ട് , പെരുന്തച്ചൻ എന്നീ കവിതകളും
ഈ സമാഹാരത്തിലുണ്ട്…
1961 മെയ് 22ന് കൈനിക്കര പത്മനാഭപിള്ള എഴുതിയ
അവതാരികയോടെയാണ് ഈ പുസ്തകം ഇറങ്ങിയത്…
അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു..
ജി.ശങ്കരക്കുറുപ്പ് മഹാകവിയാണ്.. എങ്കിലും
അദ്ദേഹത്തിന്റെ ജീവിതയാത്രയിലെ
ഈ സുമംഗള സന്ധിയിൽ അദ്ദേഹത്തെ അനുമോദിക്കുവാനല്ല
അശീർവ്വദിക്കുവാനുള്ള അവകാശം
രണ്ടു വയസ്സിന്റെ മൂപ്പ് എനിക്കു നൽകുന്നുണ്ട്….
…………………………………..
ആ കാവ്യവാഹിനിയിലെ സുധാധാരയിൽ മുങ്ങിക്കുളിച്ച് കൈരളിയും കേരളീയരും
എന്നെന്നും കോൾമയിർക്കൊള്ളട്ടെ !
( എന്റെ പുസ്തകശേഖരത്തിൽ നിന്നും.. പുസ്തകത്തിന് 65 വർഷം പഴക്കമാകുന്നു )
(ചിത്രവും കുറിപ്പും – ശേഖരത്തിൽ നിന്നും)

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

