കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, ഹാസ (ഹാസ്യ)സാഹിത്യകാരൻ, ബാലസാഹിത്യകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരൻ ‘പ്രൊഫ. വി ആനന്ദക്കുട്ടൻ നായർ’ ഓർമ്മയായിട്ട് ഇന്ന് ഇരുപത്തിആറുവർഷം.
കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച എഴുത്തുകാരനാണ്, ആനന്ദക്കുട്ടൻ സാർ; മറ്റ് സാഹിത്യ ശാഖകളിലും സംഭാവനകൾ ഉണ്ടെങ്കിലും, പൊതുവേ അദ്ദേഹം അറിയപ്പെടുന്നത്, ഒരു ഹാസ(സ്യ) സാഹിത്യകാരനായിട്ടാണ്.
കോട്ടയം വട്ടപ്പറമ്പിൽ നാണിക്കുട്ടിയമ്മ യുടെയും അച്യുതൻ പിള്ളയുടെയും മകനാണ്; ജനനം: 1920 മാർച്ച് 2-ന്. 1938-ല്‍ സ്ക്കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ചു.
ഉടനെ തന്നെ കോട്ടയത്ത് ‘നായര്‍ സമാജം സ്ക്കൂള്‍’ അദ്ധ്യാപകനായി. അച്ഛൻ മരിച്ചതോടെ സാമ്പത്തിക പരാധീനതകള്‍ വർധിച്ചു; എങ്കിലും സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന കണ്ണന്‍ മേനോൻ്റെ നിര്‍ബന്ധത്തിനു വഴങ്ങി ജോലിവിട്ട് സി.എം.എസ്. കോളേജിൽ ഇൻ്റര്‍മീഡിയറ്റിനു ചേര്‍ന്നു. ഒപ്പം, കരുവേലിത്തറ ചാക്കോയുടെ ‘പൗരദ്ധ്വനി’യില്‍ ജേലിയും ചെയ്തു പഠനത്തിനും ചെലവിനും വകയുണ്ടാക്കി. ഇൻ്റര്‍മീഡിയറ്റു കഴിഞ്ഞപ്പോള്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടെ ഉത്സാഹത്തില്‍ തിരുവനന്തപുരത്തെത്തി, ബി. ഏ. (ഓണേഴ്‌സിന്) ചേര്‍ന്നു. ടി.എന്‍. സഹായിച്ചതിൻ്റെ ഫലമായി പഠനത്തോടൊപ്പം ‘മലയാളി’ പത്രത്തിൽ ജോലി ചെയ്യാനും അവസരമുണ്ടായി. അസംബ്ലി നടപടികളുടെ റിപ്പോര്‍ട്ടിങ്ങും ആനുകാലികങ്ങളിലെ ലേഖനമെഴുത്തും എല്ലാമായി മുന്നോട്ടുപോയി. ഈ സമയം, അദ്ദേഹത്തിൻ്റെ ഏതാനും ലേഖനങ്ങള്‍ സമാഹരിച്ചു എസ്.പി.സി.എസ്. പ്രസിദ്ധപ്പെടുത്തി. പ്രതിമാസം റോയല്‍റ്റി ഇനത്തില്‍ കിട്ടിയിരുന്ന പണവും കൂടിയായപ്പോൾ തിരുവനന്തപുരത്തെ ജീവിതം തള്ളിനീക്കാന്‍ ഇതു സഹായിച്ചു. ഏം.എ. പാസായ ഉടനെ ഇന്റര്‍മീഡിയറ്റ് കോളേജില്‍ (ഇന്നത്തെ ഗവ. ആർട്സ് കോളേജില്‍) അദ്ധ്യാപകനായി ജോലി കിട്ടി.
തുടർന്ന് മദിരാശി സര്‍വ്വകലാശാലയില്‍ ഗവേഷകനായി. ‘ചമ്പുക്കള്‍ ദ്രാവിഡ ഭാഷകളില്‍’ എന്നതായിരുന്നു ഗവേഷണ വിഷയം. ഗവേഷണം പൂര്‍ത്തിയാക്കിയില്ല. ആയിടെ നിലവില്‍ വന്ന ‘പ്രസ് കമ്മീഷനില്‍’ റിസര്‍ച്ച് അസിസ്റ്റന്റ് ആയി ചേർന്നു. കമ്മീഷൻ്റെ കാലാവധി കഴിഞ്ഞപ്പോള്‍ അദ്ധ്യാപന രംഗത്തേക്കു തന്നെ മടങ്ങി.
വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ജോലി നോക്കി. തിരുവനനന്തപുരം യുണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1976-ല്‍ വിരമിക്കുമ്പോള്‍, അവിടെ അദ്ദേഹം മലയാളം പ്രൊഫസറും വകുപ്പു തലവനും ആയിരുന്നു. തുടർന്ന്, സെക്രട്ടേറിയറ്റിൽ ഒദ്യോഗിക ഭാഷാ വകുപ്പിൽ മലയാളം എക്സ്പർട്ടായും ഒരു വര്‍ഷം പ്രവർത്തിച്ചു.
ആനന്ദക്കുട്ടൻ്റെ ആദ്യ കൃതി ‘ചീത’ ആണ്; അദ്ദേഹത്തെ പ്രശസ്തിയിലേയ്ക്ക് നയിച്ചതും ഈ രചനയാണ്. ‘കുട്ടനാട്’ എന്ന പഴയയൊരു വാരികയില്‍ പ്രതൃക്ഷപ്പെട്ട ആ കവിത ഒരു പക്ഷേ, അക്കാലത്ത് ചങ്ങമ്പുഴയുടെ ‘വാഴക്കുല’യോളം തന്നെ പ്രചാരം നേടി. (ഗവേഷണ പ്രബന്ധത്തിലെ വികല ഉദ്ധരണിയിലൂടെ സമീപകലത്തുണ്ടാ പ്രചാരമല്ല ‘കവി’ ഉദ്ദേശിക്കുന്നത്-)1945-ല്‍ എം. പി. പോളിൻ്റെ അവതാരികയോടെ അത് പുസ്തകമായി.
പിന്നീട്, കവിതകളായും, നാടകങ്ങളായും, ലേഖനങ്ങളായും, നര്‍മ്മോപന്യാസങ്ങളായും ഏതാണ്ട് നാല്പതോളം കൃതികള്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. അവയില്‍ നിന്നും തിരഞ്ഞെടുത്ത ഒരു വലിയ പുസ്തകവും – ‘ആനന്ദക്കുട്ടൻ്റെ തിരഞ്ഞെടുത്ത കൃതികള്‍’ പ്രസിദ്ധീകൃതമായി. പ്രധാന കവിതാ സമാഹാരങ്ങള്‍ ‘ആരാധന’, ‘ദീപാവലി’ എന്നിവയാണ്.
പാരഡി കവിതകള്‍ എഴുതുന്നതിലും അദ്ദേഹത്തിന് അതീവ പ്രഗൽഭ്യം ഉണ്ടായിരുന്നു.
ആനന്ദക്കുട്ടന്‍ നര്‍മ്മരസ പ്രധാനങ്ങളായ ചില നാടകങ്ങളും ഉപന്യാസങ്ങളും രചിച്ചു. ‘ചിരി’ ആയിരുന്നുവല്ലോ അദ്ദേഹത്തിന്റെ മുഖമുദ്ര.
കുട്ടികള്‍ക്കു വേണ്ടിചില കൃതികള്‍ അദ്ദേഹം ഏഴുതി. ‘പത്തു മുതല്‍ നാലുവരെ’ എന്ന ബാലസാഹിത്യ കൃതിക്ക് ഭീമ അവാര്‍ഡും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും കിട്ടിയിട്ടുണ്ട്.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിൻ്റെ (SPCS) വൈസ് പ്രസിഡൻ്റായും പ്രസിഡൻ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1997-ല്‍ കേരളസാഹിത്യ അക്കാദമി, ‘വിശിഷ്ടാംഗത്വം’ (Fellowship) നൽകി ആദരിച്ചു. നര്‍മ്മകൈരളിയുടെ സ്ഥാപക പ്രസിഡൻ്റായിരുന്നു അദ്ദേഹം.
1994-ല്‍ ഉണ്ടായ ഒരു കാറപകടത്തില്‍ പരിക്കേറ്റ അദ്ദേഹത്തിന്, വീല്‍ചെയറിൻ്റെ സഹായത്തോടു കൂടി മാത്രമേ നീങ്ങാനാവു എന്ന അവസ്ഥ വന്നു. 2000 ഫെബ്രുവരി 01-ന്, 79-ാം വയസിൽ, ആനന്ദക്കുട്ടന്‍ സാർ അന്തരിച്ചു.
കമലമ്മയാണ് അദ്ദേഹത്തിൻ്റെ ഭാര്യ.
യുജിസി ഗസ്ററ് പ്രൊഫസ്സർ എന്ന നിലയിൽ എംഎ ഒന്നാം വർഷം എന്നെ പഠിപ്പിച്ച അധ്യാപകൻ ആയിരുന്നു വി.ആനന്ദക്കുട്ടൻനായർ സാർ. മുഖത്ത് സദാ പുഞ്ചിരി പ്രസരിക്കുന്ന ഭാവം.കുട്ടികളോട് സൗമ്യമധുരമായി ഇടപെടും. ആദ്യത്തെ ക്ലാസിൽ തന്റെ പേര് സൂചിപ്പിക്കുന്നത് പലപ്പോഴും ഒരു ചിത്രം വരച്ചാകും.
ആദ്യം ആനയുടെ ചിത്രം തുടർന്ന് ‘ന്ദ’ എന്ന അക്ഷരം. അതിനു ശേഷം ഒരു കുട്ടയുടെ ചിത്രം! അതോടു ചേർന്ന് ‘ൻ’ എന്ന അക്ഷരം. (ചിത്രം +ന്ദ +ചിത്രം + ൻ – കൂടിച്ചേരുമ്പോൾ ആനന്ദക്കുട്ടൻ.)
തന്റെ സാഹിത്യ രചനകളെക്കുറിച്ചൊന്നും അദ്ദേഹം ക്ലാസിൽ സംസാരിച്ചിരുന്നില്ല. കെ എം ഡാനിയൽ സാറിനെപോലെ കുട്ടികളുമായി കളിചിരി തമാശകൾ പറഞ്ഞു അവരുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നതിൽ നിന്നു വ്യത്യസ്തമായി, കുട്ടികളെ അകറ്റിനിർത്തി സ്നേഹിക്കുന്ന ഒരു ഗുരു സമ്പ്രദായം പ്രൊഫ. വി ആനന്ദൻകുട്ടൻ നായർ സാറിന് ഉണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് മലയാള വിഭാഗത്തിലെ അഭിമാനസ്തംഭങ്ങളിലൊരാൾ ആയിരുന്നു ആനന്ദക്കുട്ടൻനായർ സാർ.
ആനന്ദക്കുട്ടൻ സാർ തന്റെ പേരിന്റെ കാര്യത്തിൽ പറഞ്ഞ മറ്റൊരു തമാശയും ഓർത്തു പോകുന്നു. വീട്ടുകാർ ഓമനിച്ച് സമ്മാനിച്ച ആനന്ദക്കുട്ടൻ എന്ന പേര് , ആരോ ഒരു n കുറച്ച് എഴുതി ‘അനാഥക്കുട്ടൻ’ ആക്കിയ കാര്യം!
ആർ. ഗോപാലകൃഷ്ണൻ

