ചില പുസ്തകങ്ങൾ പാട്ടുകൾ സിനിമകൾ ഒക്കെ ഒരു തരം ആവേശത്തോടെ ഏറ്റു വാങ്ങാറുണ്ട്. “സർവ്വം മായ” യെ അതിൽ പെടുത്തുന്നു.. ലോജിക് ഒന്നും ചോദിക്കണ്ട..പക്ഷെ സിനിമ മനസ്സിൽ വന്നു കൊണ്ടു. നിവിൻ പോളിയുടെ ശക്തമായ തിരിച്ചു വരവ്.. അഖിൽ സത്യന്റെ കെട്ടുറപ്പുള്ള തിരക്കഥ.. ഒരു നിമിഷം പോലും കണ്ണു ചിമ്മാതെ കാത്തു കാത്തിരുന്ന ഒരു സിനിമ ഏറെ നാളുകൾക്കു ശേഷം കണ്ടു. മനോഹരം.. ചിരിക്കാനും ഒരു വേള കണ്ണു നിറയാനും ഒക്കെ സന്ദർഭങ്ങൾ ഉണ്ടായി. അത് പോലൊരു ഡെലൂലു കൂടെ വേണം എന്ന് തോന്നി. അല്പം നേരത്തേക്ക് വന്ന സാധ്യ എന്ന കഥാപാത്രം സൗന്ദര്യത്താൽ ഹൃദയം കവർന്നു.. ഇടയ്ക്കൊരു മനോഹരഗാനവും കേട്ടു. ഇനിയും പുതു തലമുറയിൽ നിന്നും ഏറെ പ്രതീക്ഷിക്കാൻ ഉണ്ടെന്ന വിശ്വാസം സന്തോഷിപ്പിക്കുന്നു.
തലേന്ന് റിമോട്ടിൽ ഓടിച്ചു വിട്ടും എണീറ്റു നടന്നും ഇരുന്നും ഉറങ്ങിയും OTT യിൽ വന്ന ഒരു ചിത്രം കണ്ട് തീർത്തു “പെപ്പെപ്പെ ” ആയിപ്പോയതിന്റെ സങ്കടം മാറിക്കിട്ടി. അഖിൽ സത്യന്, നിവിൻ പോളിയുടെ അഭിനയത്തിന് .. മറ്റെല്ലാ കഥാപാത്രങ്ങൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ..
പിന്നെ ഈ സിനിമ കണ്ടപ്പോൾ “എന്തിനാ അച്ഛൻ എനിക്ക് കൃഷ്ണേന്ദു എന്ന് പെണ്ണിന്റെ പേരിട്ടത്” എന്ന് ഇടയ്ക്ക് ചോദിക്കാറുള്ള മകനോട് സിനിമയിൽ നിവിൻ പോളിക്ക് പ്രഭേന്ദു എന്നാണ് പേരെന്നും അയാളെ ഇന്ദു എന്നും ഇന്ദൂട്ടി എന്നും പ്രഭ എന്നും വിളിക്കുന്നുണ്ടെന്നും പറയാമല്ലോ എന്ന് തോന്നി. മകൻ സ്വയവും വേറെ ചിലരും കൃഷ്ണ എന്നും ചിലർ ഇന്ദു എന്നും ഞങ്ങൾ ഇന്ദുക്കുട്ടൻ എന്നും അവന്റെ അമ്മായിയമ്മ ഇന്ദുട്ടൻ എന്നും വിളിക്കുന്നു…
ആണുങ്ങൾക്ക് ചില പെൺപേരുകൾ വിളിക്കുന്നതു കേൾക്കാനും ഒരു സുഖം.
പി.സീമ

