ഫെഡറൽ ബാങ്കിന്റെ സ്ഥാപകനായ കെ. പി. ഹോർമിസ്, 38-ാം ഓർമ്മദിനം

പ്രമുഖ വാണിജ്യ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കിന്റെ സ്ഥാപകനായ കെ. പി. ഹോർമിസ്, തന്റെ യൗവന കാലത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്നു; 1954-ൽ തിരു-കൊച്ചി നിയമസഭയിലേക്ക് ഒരു തവണ കോൺഗ്രസ് ടിക്കറ്റിൽ പെരുമ്പാവൂരിൽ നിന്ന് (മലയാറ്റൂർ രാമകൃഷ്ണനെ തോല്പിച്ച്) തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ 38-ാം ചരമവാർഷിക ദിനം, ഇന്ന്. സ്മരണാഞ്ജലികൾ! 🌹

1917 ഒക്ടോബർ 18-ന് എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത്, മൂക്കന്നൂർ എന്ന ഗ്രാമത്തിൽ ‘കുളങ്ങര പൗലോസ്‌ ഹോർമിസ്’ എന്ന ‘കെ. പി. ഹോർമിസ്’ ജനിച്ചു. ഒരു കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം തിരുവനന്തപുരത്തും, തിരുച്ചിറപ്പള്ളിയിലും ആയി തന്റെ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കി. 1940-ൽ തിരുവനന്തപുരം ലോ കോളജിൽ നിയമ ബിരുദത്തിനു ചേർന്നതിനെ തുടർന്ന് പൊതുപ്രവർത്തനത്തിലേക്കും രാഷ്ട്രീയത്തിലേക്കും ആകർഷിക്കപ്പെട്ടു. നിയമത്തിൽ ബിരുദപഠനം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം ഏറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ തന്റെ വക്കീൽ ജീവിതം ആരംഭിച്ചു.

കെ.പി. ഹോർമിസ് പെരുമ്പാവൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന കാലത്താണു ബാങ്കിങ്ങിൽ ആകൃഷ്ടനായത്.

അദ്ദേഹം പക്ഷേ, ബാങ്കറായി ഒതുങ്ങിയതുമില്ല. രാഷ്ട്രീയവും അദ്ദേത്തിന് ഇഷ്ട തട്ടകമായിരുന്നു. 1954 -ലെ തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഹോർമിസ് തോൽപിച്ചതു മലയാറ്റൂർ രാമകൃഷ്ണനെയാണ് വിവരം ആ മുഖമായി സൂചിപ്പിച്ചുവല്ലോ…

തിരുവല്ലയ്ക്കടുത്ത് ചെറുഗ്രാമമായ നെടുമ്പുറത്ത് 1931 ഏപ്രിൽ 23-ന് പ്രവർത്തനം തുടങ്ങിയ ‘ട്രാവൻകൂർ ഫെഡറൽ ബാങ്ക്’ ആയിരുന്നു ഇപ്പോഴത്തെ ‘ഫെഡറൽ ബാങ്കി’ന്‍റെ മുൻഗാമി. അക്കാലത്ത് പ്രവർത്തനം മുടങ്ങിക്കിടന്നിരുന്ന ട്രാവൻകൂർ ഫെഡറൽ ബാങ്കിന്‍റെ ഓഹരികൾ 1944-ൽ ഏഴായിരം രൂപയ്ക്കു ഹോർമിസ് വാങ്ങി. ഇതിൽ ഹോർമിസിന്‍റെ പങ്ക് 2000 രൂപയായിരുന്നു. ശേഷിച്ച തുക കണ്ടെത്തിയത് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായിരുന്നു. പിന്നീട് തന്‍റെ പരിചയസീമകളിൽപ്പെട്ട വിശ്വാസ്യതയുള്ള പ്രഗത്ഭരെ ഉൾപ്പെടുത്തി പുതിയ ഡയറക്ടർ ബോർഡ് രൂപീകരിച്ചു.

1945 മേയ് 18-ന് ബാങ്കിന്‍റെ ഹോർമിസിനെ മാനേജിംഗ് ഡയറക്ടറായി തെരഞ്ഞെടുത്തു. ബാങ്കിൻ്റെ ആസ്ഥാനം ആലുവയിലേയ്ക്ക് പറിച്ചു നട്ടു. ആ വർഷം ഓഗസ്റ്റ് 18-ന് ആലുവ മാർക്കറ്റിലെ 400 ചതുരശ്രയടി മുറിയിൽ ആദ്യത്തെ ശാഖ തുറന്നു. കൂടെ ഒരു ജീവനക്കാരനും. ഫെഡറൽ ബാങ്കിൻ്റെ ബാങ്കിന്‍റെ ജന്മദിനം ഈ തീയ്യതിയാണ്.

തൻ്റെ ജന്മനാടായ മൂക്കന്നൂരിനടുത്തുള്ള അങ്കമാലിയിൽ രണ്ടാമത്തെ ശാഖ തുറന്നു. 1947-ൽ ട്രാവൻകൂർ ഫെഡറൽ ബാങ്കിന്‍റെ പേര് ‘ഫെഡറൽ ബാങ്ക്’ എന്നു പുനർ നാമകരണം ചെയ്തു.

‘കലപ്പയേന്തുന്ന കര്‍ഷകന്‍’ എന്ന ഔദ്യോഗിക ചിഹ്നത്തിലേക്ക് ക്രമേണ ‘വ്യാവസായിക ചക്രം’ പകര്‍ന്നുകൊണ്ട് അദ്ദേഹം ബാങ്കിന്റെ നയവും വീക്ഷണവും വ്യക്തമാക്കി.

മുപ്പത്തിനാലു വർഷം ബാങ്കിനെ നയിച്ചശേഷം 1979-ൽ (മാർച്ച് 31-ന്) ചെയർമാൻ സ്ഥാനത്തുനിന്നു വിരമിക്കുമ്പോൾ രാജ്യത്തൊട്ടാകെ സാന്നിധ്യമുള്ള ഒരു ബാങ്കായി ഫെഡറൽ ബാങ്ക് ഉയർന്നിരുന്നു. റിട്ടയർ ചെയ്ത ശേഷം രണ്ടുവർഷംകൂടി ഡയറക്ടർ ബോർഡിൽ അദ്ദേഹം തുടർന്നു.

1988-ലെ ‘റിപ്പബ്ലിക് ദിന’ത്തിൽ അദ്ദേഹം അന്തരിച്ചു. ഭാര്യ: അമ്മിണി ഹോർമിസ്.

കെ പി.ഹോർമിസിന്റെ ജീവ ചരിത്രവും ഓർമ്മക്കുറിപ്പുകളുടെ സംഗ്രഹവും അടങ്ങിയ ‘കെ.പി ഹോർമിസ് എ ലെഗസി ബീയോണ്ട് ബാങ്കിംഗ്’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുത്തിട്ടുണ്ട്.

ഹോർമിസിന്റെ ഒരു പുത്രൻ, ബോബി ഹോർമിസ്, 1980-90കളിൽ ദൂരദർശനുവേണ്ടി ന്യൂസ് വീഡിയോ ക്ലിപ്പിങ്ങുകൾ പകർത്തി തിരുവനന്തപുരത്ത് എത്തിച്ചിരുന്നതായി ഓർക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണശേഷം ദൂരദർശൻ ഡയറക്ടറായിരുന്ന കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യങ്ങൾ എഴുതിയിട്ടുണ്ട്. ഹോർമിസിന്റെ മകൾ ഉഷയുടെ ഭർത്താവാണ് മുൻ അംബാസിഡർ കെ. പി. ഫാബിയൻ (Rt.) IFS ; മറ്റൊരു മകൻ ഫെഡറൽ ബാങ്ക് സിഎസ്ആർ വിഭാഗം മേധാവിയുമായ രാജു ഹോർമിസ് .


ആർ. ഗോപാലകൃഷ്ണൻ

കടപ്പാട്: ദീപിക & മനോരമ – കൂടാതെ ചില ഓൺലൈൻ സ്രോതസുകളും .

Leave a Reply

Your email address will not be published. Required fields are marked *