അമരാവതി: ആന്ധ്രപ്രദേശിൽ ജനസേനാ പാർട്ടി എം.എൽ.എ ഓൺലൈൻ തട്ടിപ്പിനിരയായി. പോളവരം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ചിരി ബാലരാജുവിനാണ് 12 ലക്ഷം രൂപ നഷ്ടപ്പെട്ടത്. റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) ചലാൻ എന്ന വ്യാജേന വന്ന സന്ദേശമാണ് തട്ടിപ്പിന് വഴിവെച്ചത്.
എം.എൽ.എയുടെ വാട്സാപ്പിലേക്ക് ആർ.ടി.എ ചലാൻ അടയ്ക്കാനുള്ള ലിങ്ക് എന്ന പേരിൽ ഒരു സന്ദേശം ലഭിച്ചു. ഇത് വിശ്വസിച്ച് ബാലരാജു ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെടുകയായിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ വിവിധ ഇടപാടുകളിലൂടെ ആകെ 12 ലക്ഷം രൂപയാണ് നഷ്ടമായത്.
തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ അദ്ദേഹം പോലീസിൽ പരാതി നൽകി. സംഭവത്തിൽ ജീലുക്കുമില്ലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുമുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. സർക്കാർ ഏജൻസികളുടേതെന്ന വ്യാജേന എത്തുന്ന ഇത്തരം ലിങ്കുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

