അങ്കമാലി: അങ്കമാലിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. സിറിയക് പി. ജോർജിനെ കോടതി റിമാൻഡ് ചെയ്തു. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസന്റെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ആറാം ദിവസമാണ് പോലീസ് പിടികൂടിയത്.വാഗമണ്ണിലെ ഒരു റിസോർട്ടിൽ ഒളിവിൽ കഴിയവെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് പിന്നാലെ ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28-ന് അങ്കമാലി ടെൽക്ക് ജംഗ്ഷന് സമീപം വെച്ചാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന ജാസ്‌ലിയയെ പ്രതിയുടെ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

