കാൻബറ: ഓസ്ട്രേലിയയിലെ ലിബറൽ പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ആംഗസ് ടെയ്ലർ, രാജ്യത്തെ കുടിയേറ്റ നയങ്ങൾ കൂടുതൽ കർക്കശമാക്കുമെന്ന് പ്രഖ്യാപിച്ചു. കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും ഓസ്ട്രേലിയൻ മൂല്യങ്ങളെ അംഗീകരിക്കാത്തവർക്ക് മുന്നിൽ രാജ്യത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ സൂസൻ ലെയെ പരാജയപ്പെടുത്തിയാണ് ആംഗസ് ടെയ്ലർ നേതൃസ്ഥാനത്തെത്തിയത്.
ഓസ്ട്രേലിയൻ മൂല്യങ്ങളെയും ജീവിതരീതികളെയും നിരാകരിക്കുന്നവരെ രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിൽ നിലവിലെ മാനദണ്ഡങ്ങൾ പരാജയമാണെന്ന് ടെയ്ലർ കുറ്റപ്പെടുത്തി. കുടിയേറ്റം വർദ്ധിക്കുന്നത് രാജ്യത്തെ ഭവന നിർമ്മാണ മേഖലയെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുന്നുണ്ട്. അതിനാൽ, പുതിയ താമസക്കാരെ തിരഞ്ഞെടുക്കുന്നതിൽ ഇന്റലിജൻസ് ഏജൻസികൾക്ക് കൂടുതൽ പങ്കാളിത്തം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കുടിയേറ്റ വിരുദ്ധ നിലപാടുള്ള ‘വൺ നേഷൻ’ പാർട്ടിയിലേക്ക് ലിബറൽ വോട്ടുകൾ ചോരുന്നത് തടയാനാണ് ടെയ്ലറുടെ ഈ തീവ്ര നിലപാടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം, ലിബറൽ പാർട്ടിയുടെ പുതിയ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുകയാണ്. പാർട്ടിയുടെ ആദ്യ വനിതാ നേതാവായ സൂസൻ ലെയെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ലിബറൽ വനിതാ ശൃംഖലയായ ‘ഹിൽമാസ് നെറ്റ്വർക്കിന്റെ’ (Hilma’s Network) സ്ഥാപക ചാർലറ്റ് മോർട്ട്ലോക്ക് പാർട്ടി അംഗത്വം രാജിവെച്ചു. സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിച്ച നേതാവിനെ മാറ്റിയതിൽ സ്ത്രീകൾക്കിടയിൽ വലിയ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. സൂസൻ ലെയുടെ രാജി മൂലം ഒഴിവുവന്ന ഫാരർ സീറ്റിലെ ഉപതിരഞ്ഞെടുപ്പ് ആംഗസ് ടെയ്ലറുടെ നേതൃത്വത്തിന് വലിയൊരു വെല്ലുവിളിയാകും

