ബോണ്ടിയില്‍ വീണ്ടും ആക്രമണത്തിന് പദ്ധതി, സിഡ്നി ലിവര്‍പൂളില്‍ തന്ത്രപ്രധാന പോലീസ് നീക്കം; ഏഴുപേര്‍ കസ്റ്റഡിയില്‍

സിഡ്നി: നഗരത്തെ നടുക്കിയ ബോണ്ടി വെടിവെപ്പിന്റെ ഞെട്ടല്‍ മാറും മുന്‍പേ,സിഡ്നിയില്‍ വീണ്ടും ഒരു വലിയ അക്രമപദ്ധതി പോലീസ് തകര്‍ത്തു.വ്യാഴാഴ്ച വൈകുന്നേരം സിഡ്നിയിലെ തെക്കുപടിഞ്ഞാറന്‍ സബര്‍ബായ ലിവര്‍പൂളിലെ ജോര്‍ജ്ജ് സ്ട്രീറ്റില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നഗരത്തില്‍ വീണ്ടും ഒരു അക്രമത്തിന് പദ്ധതിയിടുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന്, എന്‍എസ്ഡബ്ല്യു പോലീസിലെ അതീവ സുരക്ഷാ വിഭാഗമായ ടാക്റ്റിക്കല്‍ ഓപ്പറേഷന്‍സ് യൂണിറ്റ് ആണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

ലിവര്‍പൂളിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ട് കാറുകള്‍ പോലീസ് വളയുകയും അതിലുണ്ടായിരുന്നവരെ സാഹസികമായി കീഴടക്കുകയുമായിരുന്നു.കീഴ്‌പ്പെടുത്തിയ പ്രതികളെ റോഡില്‍ മുട്ടുകുത്തി ഇരുത്തി കൈവിലങ്ങു വെച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.ഏഴുപേരും ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്യലിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ 14) ബോണ്ടി ബീച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ട സംഭവുമായി പിടിക്കപ്പെട്ടവര്‍ക്ക് ബന്ധവുമുണ്ടോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, നിലവില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം ലിവര്‍പൂളില്‍ നടന്ന സംഭവത്തിന് ബോണ്ടി ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുള്ളതായി തെളിവുകളില്ലെന്ന് എന്‍എസ്ഡബ്ല്യു പോലീസ് വ്യക്തമാക്കി.

നാഷണൽ പാർട്ടി എംപി കെവിൻ ഹോഗന്റെ പ്രതികരണം

ഈ വാർത്ത പുറത്തുവിട്ടുകൊണ്ട് ലേബർ പാർട്ടി എംപി കെവിൻ ഹോഗൻ (Kevin Hogan MP) ഇത് അതീവ ആശങ്കാജനകമായ വാർത്തയാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു. “സിഡ്‌നിയിൽ നിന്ന് വീണ്ടും അലോസരപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരുന്നു. ഒരു അക്രമാസക്തമായ പ്രവർത്തനം ആസൂത്രണം ചെയ്യുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് പോലീസ് ഉചിതമായ നടപടി സ്വീകരിച്ചു,” അദ്ദേഹം തന്റെ പോസ്റ്റിൽ പറഞ്ഞു.


പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ക്രൈം സ്റ്റോപ്പേഴ്‌സിനെ (Crime Stoppers: 1800 333 000) അറിയിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ഡോ. ബാബു ഫിലിപ്പ്

Leave a Reply

Your email address will not be published. Required fields are marked *