ബ്രിസ്ബേൻ: വടക്കൻ ക്വീൻസ്ലൻഡ് തീരത്ത് പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ രൂപംകൊണ്ടിരിക്കുന്ന ഉഷ്ണമേഖലാ ന്യൂനമർദ്ദം അടുത്ത ആഴ്ചയോടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഞായറാഴ്ചയോടെ ഈ സിസ്റ്റം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത 55 ശതമാനമാണ്. ബുധനാഴ്ചയാകുമ്പോഴേക്കും ഇത് 70 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, നിലവിലെ പ്രവചനങ്ങൾ വേഗത്തിൽ മാറാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
അന്തരീക്ഷത്തിലെ ഒന്നിലധികം ‘ഉഷ്ണമേഖലാ തരംഗങ്ങൾ’ വരും ദിവസങ്ങളിൽ ഈ മേഖലയിൽ ഒന്നിച്ചുചേരുന്നത് ന്യൂനമർദ്ദത്തിന്റെ ആക്കം കൂട്ടുമെന്ന് വെതർസോൺ (Weatherzone) അറിയിച്ചു. മൂന്ന് വ്യത്യസ്ത തരംഗങ്ങളുടെ ഈ സംഗമം പടിഞ്ഞാറൻ പസഫിക് സമുദ്രം, സോളമൻ ദ്വീപുകൾ, പാപുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ, വടക്കൻ ഓസ്ട്രേലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും മേഘാവൃതമായ കാലാവസ്ഥയ്ക്കും കാരണമായേക്കാം.
ഉത്തര കോറൽ കടലിലെ ഉപരിതല താപനില നിലവിൽ 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഈ ചൂട് ന്യൂനമർദ്ദം ശക്തിപ്പെട്ട് അടുത്ത ആഴ്ച മധ്യത്തോടെയോ അവസാനത്തോടെയോ ചുഴലിക്കാറ്റായി മാറാൻ അനുകൂലമായ സാഹചര്യമൊരുക്കുന്നു. ചില കാലാവസ്ഥാ മോഡലുകൾ ഇത് ഒരു ‘തീവ്ര ചുഴലിക്കാറ്റായി’ (Severe Tropical Cyclone) മാറാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
ഈ സിസ്റ്റം ഓസ്ട്രേലിയൻ തീരത്ത് എപ്പോൾ കരതൊടുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. വടക്കൻ ക്വീൻസ്ലൻഡ്, നോർത്തേൺ ടെറിട്ടറി, വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയ ‘നരേൽ’ ചുഴലിക്കാറ്റിന് പിന്നാലെയാണ് പുതിയ ഭീഷണി എത്തുന്നത്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു

