ഇംഫാൽ/ഗോഹട്ടി: മണിപ്പൂരിലെ ഉക്രുൾ ജില്ലയിൽ കുക്കി, നാഗ വിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഘർഷം ആരംഭിച്ചത്.ഉക്രുളിലെ സിനാകൈതേയ് മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. ഉച്ചയ്ക്ക് 3:20 ഓടെ കുക്കി വിഭാഗക്കാർ വിവിധയിടങ്ങളിൽ വെടിവയ്പ്പ് നടത്തിയതായി ഗ്രാമത്തലവൻ ആരോപിച്ചു.
തങ്ഖുൽ നാഗ വിഭാഗത്തിന്റെ സംരക്ഷണത്തിനായി നിലയുറപ്പിച്ചിരുന്ന സുരക്ഷാ ഭടന്മാർ പ്രത്യാക്രമണം നടത്തിയതോടെ ഏറ്റുമുട്ടൽ രൂക്ഷമായി. ഏകദേശം ഒരു മണിക്കൂറോളം ഇരുവിഭാഗവും വെടിവയ്പ്പ് തുടർന്നു. വെള്ളിയാഴ്ച രാവിലെ വരെ ഇടവിട്ട് വെടിവയ്പ്പുണ്ടായതായി പ്രദേശവാസികൾ പറയുന്നു. ആക്രമണ ഭീഷണിയെത്തുടർന്ന് ജനങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ്.നിലവിൽ ആൾനാശമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും, ഗോത്രവിഭാഗങ്ങൾ അതിർത്തി പങ്കിടുന്ന മേഖലകളിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ലെങ്കിലും, മേഖലയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. മണിപ്പൂരിൽ നിലനിൽക്കുന്ന വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ഏറ്റുമുട്ടലുകൾ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

