സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് രാജ്യം നേരിടുന്ന ‘ആന്റിസെമിറ്റിസം’ സംബന്ധിച്ച് സമഗ്രമായ ഒരു റോയല്‍ കമ്മീഷന്‍ അന്വേഷണം പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രഖ്യാപിച്ചു.
സിഡ്നിയിലെ വിഖ്യാത വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് രാജ്യം അതീവ ഗൗരവത്തോടെയാണ് നീങ്ങുന്നത്. ബോണ്ടായ് ബീച്ച് ഭീകരാക്രമണത്തെ തുടര്‍ന്ന് റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും, സാമൂഹ്യസംഘടനകളും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ഉറച്ച നിലപാടില്‍ തന്നയായിരുന്നു പ്രതിപക്ഷവും.എന്നാല്‍ പ്രധാന മന്ത്രി ആന്തണി ആല്‍ബനീസ് ഈ ആവശ്യത്തിന് വഴങ്ങിയിരുന്നില്ല. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് റോയല്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ പ്രധാന മന്ത്രി തയ്യാറായത്.
മുന്‍ ഹൈക്കോടതി ജഡ്ജി വിര്‍ജീനിയ ബെല്‍ (Virginia Bell) ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുക.ഓസ്ട്രേലിയന്‍ സമൂഹത്തില്‍ തീവ്രവാദ ആശയങ്ങള്‍ പടരുന്നത് തടയാനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക.ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വിദ്വേഷം പ്രചരിപ്പിക്കുന്നത് തടയാനുള്ള നിയമനിര്‍മ്മാണങ്ങള്‍ ശുപാര്‍ശ ചെയ്യുക. തുടങ്ങിയവയാണ് റോയല്‍ കമ്മിഷന്റെ അന്വേഷണ ചുമതലയില്‍ വരുന്നത്.2026 ജൂലൈ മാസത്തോടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
‘ഓസ്ട്രേലിയയില്‍ വിദ്വേഷത്തിന് സ്ഥാനമില്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ നീക്കം നടത്തിയത്. പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടനും ഈ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂത സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഫെഡറല്‍ പോലീസ് കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.അതേ സമയം ബോണ്ടി ബീച്ച് പരിസരത്ത് സുരക്ഷാ സേനയുടെ സാന്നിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി പ്രത്യേക കൗണ്‍സിലിംഗ് സെന്ററുകളും സര്‍ക്കാര്‍ തുറന്നിട്ടുണ്ട്

