കാൻബറ: സുരക്ഷാ ഭീഷണിയെത്തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിനെ കാൻബറയിലെ ഔദ്യോഗിക വസതിയായ ‘ദി ലോഡ്ജിൽ’ നിന്ന് അടിയന്തരമായി മാറ്റി പാര്പ്പിച്ചു.ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. വസതിക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സുരക്ഷാ ഏജൻസികൾക്ക് ഭീഷണിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇതിന് പിന്നാലെ മണിക്കൂറുകളോളം നീണ്ട പരിശോധനകൾ വസതിയിൽ നടന്നു. ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (AFP) വക്താവ് അറിയിച്ചതനുസരിച്ച്, വസതിയിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. നിലവിൽ പൊതുജനങ്ങൾക്കോ സുരക്ഷയ്ക്കോ ഭീഷണിയില്ലെന്നും പ്രധാനമന്ത്രി സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാൻബറയിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള സുരക്ഷാ വെല്ലുവിളികൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച ഒരു പ്രതിരോധ സമ്മേളനത്തിനിടെ സംശയാസ്പദമായ പാക്കേജ് കണ്ടെത്തിയതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കൂടാതെ, മറ്റൊരു ചടങ്ങിനിടെ ഹോട്ടൽ ജനാലയ്ക്ക് നേരെ കല്ലേറും ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന ചർച്ചകൾ ഇതോടെ സജീവമായിട്ടുണ്ട്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും തീവ്രവാദ സ്വഭാവമുള്ള പ്രസ്താവനകളും രാജ്യത്തെ സുരക്ഷാ അന്തരീക്ഷം വഷളാക്കുന്നുണ്ടെന്ന് ഫെഡറൽ പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

