ബംഗ്ലാദേശിൽ ഇന്ത്യവിരുദ്ധ വികാരം ആളിക്കത്തിക്കാൻ നീക്കം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനൽകണമെന്നും, ബംഗ്ലാദേശിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തീവ്രനിലപാടുള്ള സംഘടനയായ ഇൻക്വിലാബ് മഞ്ച രംഗത്തെത്തി. ഭാരതത്തിന്റെ പരമാധികാരത്തെയും നയതന്ത്ര നിലപാടുകളെയും വെല്ലുവിളിക്കുന്ന നാല് പ്രധാന ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്.
ബംഗ്ലാദേശിന്റെ ദേശീയ പരമാധികാരം സംരക്ഷിക്കണമെന്ന വ്യാജേന, അവിടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പുറത്താക്കണമെന്നാണ് ഇൻക്വിലാബ് മഞ്ചയുടെ പ്രധാന ആവശ്യം. നിലവിൽ ബംഗ്ലാദേശിലെ ടെക്സ്റ്റൈൽ, ഐടി മേഖലകളിൽ ഉൾപ്പെടെ നിരവധി ഭാരതീയർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ ഇന്ത്യക്കാർക്കെതിരെ പരസ്യമായ വിവേചനത്തിനാണ് സംഘടന ആഹ്വാനം ചെയ്യുന്നത്.

