ബോണ്ടി ബീച്ചിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ പല മാറ്റങ്ങളാണ് സംഭവിക്കുന്നത്.ഏറ്റവും പുതിയ സര്‍വ്വേ പ്രകാരം ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതിയില്‍ കുറവുണ്ടായിട്ടുണ്ട്. ബോണ്ടി സംഭവത്തിന് ശേഷമുള്ള ആദ്യ പ്രധാന സര്‍വ്വേയാണിത്.
പൗളിന്‍ ഹാന്‍സന്റെ നേതൃത്വത്തിലുള്ള ‘വണ്‍ നേഷന്‍’ (One Nation) പാര്‍ട്ടിക്ക് ജനപിന്തുണ വര്‍ദ്ധിക്കുന്നതായാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.
അതേ സമയം ബോണ്ടി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന പുതിയ ‘ഗണ്‍ കണ്‍ട്രോള്‍’ നിയമങ്ങള്‍ പാസാക്കാന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് തീരുമാനിച്ചെങ്കിലും പ്രതിക്ഷിച്ച പിന്തുണ ലഭിച്ചില്ല.ഗ്രീന്‍സിന്റെ പിന്തുണയോടെ ഈ നിയമങ്ങള്‍ പാര്‍ലമെന്റില്‍ വേഗത്തില്‍ പാസാക്കാനായി ‘ഹേറ്റ് സ്പീച്ച്’ സംബന്ധിച്ച വിവാദ ഭാഗങ്ങള്‍ ബില്ലില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി വെച്ചു.
ബോണ്ടി ഭീകരാക്രമണത്തെ തുടര്‍ന്ന് കൊണ്ടു വന്ന സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ആഴ്ച പാര്‍ലമെന്റ് പ്രത്യേകമായി സമ്മേളിക്കും.എന്നാല്‍ പ്രതിപക്ഷ നേതാവ് സുസന്‍ ലെയ് ഈ നീക്കത്തെ ‘അപക്വം’ എന്നാണ് വിശേഷിപ്പിച്ചത്.രാജ്യസുരക്ഷയ്ക്കും വിദ്വേഷം പടരുന്നത് തടയാനും കര്‍ശന നിയമങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാത്തതാണെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഭിന്നത ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് സുസന്‍ ലെയ് ആരോപിച്ചു

