വാഷിംഗ്ടൺ: ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെ സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യത്തിലെ നാല് ബഹിരാകാശ യാത്രികർ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന ചരിത്രനേട്ടമാണ് ഇതോടെ ഇവർ സ്വന്തമാക്കിയത്. 1970-ൽ അപ്പോളോ 13 ദൗത്യത്തിലെ യാത്രികർ സ്ഥാപിച്ച 4,00,171 കിലോമീറ്റർ (2,48,655 മൈൽ) എന്ന റെക്കോർഡാണ് ആർട്ടെമിസ് 2 സംഘം തിരുത്തിക്കുറിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 4,06,000 കിലോമീറ്റർ അകലെ വരെ പേടകം സഞ്ചരിച്ചു.
റെയ്ഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൻ എന്നിവരാണ് ഈ അഭിമാന ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്.ഇതാദ്യമായാണ് ഒരു വനിതയും (ക്രിസ്റ്റീന കോക്ക്), ഒരു ആഫ്രിക്കൻ അമേരിക്കൻ വംശജനും (വിക്ടർ ഗ്ലോവർ), ഒരു കനേഡിയൻ പൗരനും (ജെറമി ഹാൻസൻ) ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങുന്നത്.
ഭൂമിയിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിനായി ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രത്യേക പഥത്തിലൂടെയാണ് (Hybrid Free Return Trajectory) ഓറിയോൺ പേടകം സഞ്ചരിക്കുന്നത്. ചന്ദ്രന്റെ മറുപുറത്തുകൂടി (Far side) വലംവെച്ച് കറങ്ങുന്ന സമയത്താണ് പേടകം ഭൂമിയിൽ നിന്ന് ഏറ്റവും കൂടിയ ദൂരത്തിൽ എത്തിയത്.ചന്ദ്രോപരിതലത്തിന് ഏറ്റവും അടുത്തെത്തിയ ശേഷം, ചന്ദ്രന്റെ ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തി പേടകം തിരികെ ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കും. പേടകത്തിലെ സുരക്ഷാ ക്രമീകരണങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഈ അസാധാരണ ദൂരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നാസ നിരീക്ഷിച്ചുവരികയാണ്. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ‘ആർട്ടെമിസ് 3’ ദൗത്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ഈ റെക്കോർഡ് യാത്ര.

