ഐഫോണുകളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ആപ്പിൾ

ഐഫോൺ ഉപയോക്താക്കളുടെ മുഖഭാവങ്ങളും ചലനങ്ങളും നിരീക്ഷിച്ച് ആംഗ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. ഇതിന്റെ ഭാഗമായി ഇസ്രായേലി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ‘ക്യുഎഐ’യെ ആപ്പിൾ ഏറ്റെടുത്തു. മെഷീൻ ലേണിംഗ് ഉപയോഗിച്ച് ശബ്‌ദം മികച്ച രീതിയിൽ പ്രോസസ്സ് ചെയ്യാനും ബഹളങ്ങൾക്കിടയിലും വ്യക്തമായ ഓഡിയോ നൽകാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ക്യുഎഐ വികസിപ്പിക്കുന്നത്. ഈ ഏറ്റെടുക്കലിലൂടെ ഐഫോണുകളിലും മറ്റ് ആപ്പിൾ ഉപകരണങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മുഖത്തെ ചർമ്മത്തിന്റെ സൂക്ഷ്മമായ ചലനങ്ങൾ വിശകലനം ചെയ്ത് ഒരാൾ സംസാരിക്കുന്നത് മനസ്സിലാക്കാനും, ആളുകളെ തിരിച്ചറിയാനും, അവരുടെ വൈകാരികാവസ്ഥകളും ഹൃദയമിടിപ്പും വരെ അനുമാനിക്കാനും സാധിക്കുന്ന പേറ്റന്റ് ക്യുഎഐ നേരത്തെ ഫയൽ ചെയ്തിരുന്നു. ഉപയോക്താക്കൾ വളരെ മൃദുവായി സംസാരിക്കുന്ന വാക്കുകൾ പോലും തിരിച്ചറിയാൻ മുഖത്തെ പേശികളുടെ ചലനം സഹായിക്കും. വരാനിരിക്കുന്ന ആപ്പിൾ ഉപകരണങ്ങളിൽ ഈ സംവിധാനം ഉൾപ്പെടുത്തുന്നതോടെ ശബ്ദം ഉപയോഗിക്കാതെ തന്നെ ഉപകരണങ്ങളുമായി സംവദിക്കാൻ ഉപയോക്താക്കൾക്ക് സാധിച്ചേക്കും.

ഈ സാങ്കേതികവിദ്യ എങ്ങനെ പ്രാവർത്തികമാക്കുമെന്ന് ആപ്പിൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഓഡിയോ രംഗത്ത് വലിയ മാറ്റങ്ങൾ ഇത് ഉറപ്പുനൽകുന്നു. നിലവിൽ എയർപോഡുകളിൽ തത്സമയ വിവർത്തനമടക്കമുള്ള എഐ ഫീച്ചറുകൾ ആപ്പിൾ നൽകുന്നുണ്ട്. ഐഫോണിന് പുറമെ ആപ്പിളിന്റെ വിഷൻ പ്രോ ഹെഡ്‌സെറ്റുകളിലും ഈ മുഖപേശീ വിശകലന സംവിധാനം മികച്ച അനുഭവം പ്രദാനം ചെയ്യും. ചുറ്റുമുള്ള ശബ്ദസാഹചര്യങ്ങൾക്ക് അനുസൃതമായി ഉപകരണങ്ങളെ സ്വയം ക്രമീകരിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *