ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഓപ്പൺ എഐയുമായി നേരിട്ട് ഏറ്റുമുട്ടാൻ പുതിയൊരു വിപ്ലവകരമായ ഉപകരണം ആപ്പിൾ വികസിപ്പിക്കുകയാണെന്ന് റിപ്പോർട്ട്. വസ്ത്രത്തിൽ ഘടിപ്പിക്കാവുന്ന ചെറിയൊരു ‘എഐ പിൻ’ ആണ് ആപ്പിൾ വികസിപ്പിക്കുന്നത്. ആപ്പിളിന്റെ എയർടാഗിനോളം വലുപ്പമുള്ള ഈ ഉപകരണത്തിൽ രണ്ട് ക്യാമറകളും മൂന്ന് മൈക്രോഫോണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സാധാരണ ലെൻസും വൈഡ് ആംഗിൾ ലെൻസും അടങ്ങുന്ന ഇരട്ട ക്യാമറകൾ വഴി ചിത്രങ്ങളും വീഡിയോകളും പകർത്താനും ചുറ്റുമുള്ള കാര്യങ്ങൾ തിരിച്ചറിയാനും ഇതിന് സാധിക്കും. അലൂമിനിയം, ഗ്ലാസ് എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ പുറംഭാഗം നിർമ്മിക്കുന്നത്.
സെപ്റ്റംബറോടെ തങ്ങളുടെ ആദ്യ എഐ ഉപകരണം ഓപ്പൺ എഐ പുറത്തിറക്കുമെന്ന് ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ക്രിസ് ലെഹേൻ സൂചന നൽകിയതിന് പിന്നാലെയാണ് ആപ്പിളിന്റെ ഈ രഹസ്യ നീക്കം പുറത്തുവരുന്നത്. ആപ്പിളിന്റെ ഐക്കണിക് ഡിസൈനർ ജോണി ഐവുമായി ചേർന്നാണ് ഓപ്പൺ എഐ തങ്ങളുടെ ഉപകരണം നിർമ്മിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ 2027-ഓടെ എഐ പിൻ വിപണിയിലെത്തിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ആപ്പിളിന്റെ പുതുക്കിയ സിരി ചാറ്റ്ബോട്ട് ആയിരിക്കും ഇതിന്റെ പ്രധാന പ്രവർത്തന കേന്ദ്രം. ഐഫോണിന്റെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.

