തിരുവനന്തപുരം: റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള എൽ പി എസ് റ്റി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ (മലയാളം) നേതൃത്വത്തിൽ നൂറുകണക്കിന് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മുഖത്ത് കരി തേച്ചായിരുന്നു പ്രതിഷേധക്കാർ മാർച്ച് നടത്തിയത്.
റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും ഏഴു മാസമായിട്ടും തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒന്നാം റാങ്ക് നേടിയവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. അധ്യാപക ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി.കഴിഞ്ഞ ലിസ്റ്റിലെ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കാതെ പുതിയ ലിസ്റ്റിലുള്ളവർക്ക് ജോലി ലഭിക്കില്ലെന്ന സാഹചര്യം നിലനിൽക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ ഏഴു ദിവസമായി റിലേ സത്യഗ്രഹം തുടരുകയാണ്.
അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്ന പാലക്കാട് സ്വദേശി അശ്വതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.

