ലണ്ടൻ: ലണ്ടനിൽ പുതിയ വൻപൻ എംബസി പണികഴിപ്പിക്കാൻ ചൈനയ്ക്ക് ബ്രിട്ടൻ അനുമതി നൽകി. സുരക്ഷാ കാരണങ്ങളാൽ വർഷങ്ങൾ വച്ചുതാമസിപ്പിച്ച അനുമതിയാണ് നൽകിയത്.
ലണ്ടൻ ടവറിനു സമീപം ചൈനീസ് ഭരണകൂടം വാങ്ങിയ ഭൂമിയിൽ എംബസി നിർമിക്കാനുള്ള ചൈനയുടെ ശ്രമം 2018ൽ ആരംഭിച്ചതാണ്. 20,000 ചതുരശ്ര മീറ്റർ വലുപ്പത്തിൽ എംബസി പണി കഴിപ്പിക്കുകയാണ് ലക്ഷ്യം. ലണ്ടനിലെ പല ഭാഗങ്ങളിലായുള്ള ചൈനീസ് ഓഫീസുകൾ ഇങ്ങോട്ടേക്കു മാറ്റും. യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് നയതന്ത്രകാര്യാലയം ആയിരിക്കുമിത്.
എംബസിയെ ചാരപ്രവർത്തനങ്ങൾക്കായി ചൈന ഉപയോഗിക്കുമെന്നാണ് ആശങ്ക. യൂറോപ്പിലെ ചൈനീസ് വിമതരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഉപയോഗപ്പെടുത്താം.ചൈനയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കീയർ സ്റ്റാർമർ ഭരണകൂടം എംബസി നിർമാണത്തിന് അനുമതി നല്കിയത്.

