ഇന്ന് ഏപ്രിൽ 1, ലോക വിഡ്ഢി ദിനം. പക്ഷെ ഇത്തവണ ലോകത്തിന് പ്രത്യേക വിഡ്ഢി ദിനമില്ല. കാരണം ട്രംപ് രണ്ടാമതും അധികാരമേറിയ അന്ന് മുതൽ എല്ലാ ദിവസവും ലോകത്തിന് വിഡ്ഢി ദിനമാണ്. ഫലിത ബിന്ദുക്കളും നർമ്മകഥകളും വായന നിർത്തി ആളുകൾ ഇപ്പോൾ ട്രംപിൻ്റെ പ്രസ്താവനകൾ തിരഞ്ഞ് പിടിച്ച് വായിച്ച് പൊട്ടിച്ചിരിക്കുകയാണ്. കാർട്ടൂണിസ്റ്റുകളുടെ തൊഴിലും കളഞ്ഞു ട്രംപ്. സ്വയം വിഡ്ഢിയായി മറ്റുള്ളവരെ ചിരിപ്പിക്കുന്നവനാണ് യഥാർത്ഥ ഹാസ്യകാരൻ. ശ്രീനിവാസനൊക്കെ അങ്ങനെയാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്. ഇത് ലോകത്തെ മുഴുവൻ വിഡ്ഡിയാക്കി സ്വയം ചിരിക്കുന്ന ഒരു ഭയാനക വെർഷൻ ആണ്.
കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രിക പുറത്തിറങ്ങിയതും വിഡ്ഢി ദിനവും ഒന്നിച്ച് വന്നത് ഒരു പക്ഷെ യാദൃശ്ചികമാവാം. പ്രകടനപത്രികകൾ നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിൽ ഒരാൾക്കും ഇനി വിടിന്ന് പുറത്ത് ഇറങ്ങേണ്ടി വരില്ല. മാസാമാസം നല്ലൊരു തുക പെൻഷൻ വരും , സാധനങ്ങൾ വീട്ടിലെത്തും, വെറുതെ വാട്സ് ആപ്പ് നോക്കി ലൈക്കടിച്ച് കൊണ്ട് ഇരുന്നാൽ മതി. എൻ്റെ വീടിനു പുറകിലെ 3 സെൻ്റ് സ്ഥലത്ത് വിമാനത്താവളത്തിന് ഉള്ള പണി തുടങ്ങി എന്നാണ് കേട്ടത്. എന്നാലും ഈ പെൻഷൻ എന്ന വാക്ക് മാറ്റി വേറെ എന്തെങ്കിലും വാക്ക് ഉപയോഗിച്ചു കൂടെ എന്ന് ചില സ്ത്രീകൾ അടക്കം പറയുന്നത് കേട്ടു. പെൻഷൻ എന്ന് കേൾക്കുമ്പോൾ പ്രായം കൂടി എന്ന് തോന്നാണത്രെ. അങ്ങനെയും വിഡ്ഢികളാക്കാമല്ലോ ആളുകളെ .
സംവാദങളുടെ കാലം കൂടിയാണ് ഇലക്ഷൻ കാലം. സംവാദങ്ങൾക്ക് എപ്പോഴും നല്ലത് സോഷ്യൽ മീഡിയയാണ്. ഇഷ്ടമില്ലാത്ത ചോദ്യം സ്കിപ്പ് ചെയ്യാം. നെറ്റ് പോയി എന്ന് പറഞ്ഞ് ഇറങ്ങിപ്പോകാം . അറിയാത്ത ചോദ്യങ്ങളുടെ ഉത്തരം കോപ്പിയടിക്കാം, അങ്ങനെ ചോദ്യകർത്താവിനെയും കാണുന്നവരെയും വിഡ്ഢികളാക്കാം.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചക്ക് വേദി ഒരുക്കുന്നത് പാകിസ്ഥാൻ ആണത്രെ. ലോകത്തിലെ ഏറ്റവും വലിയ സമാധാനകാംക്ഷിയായ ഒരു രാജ്യം തന്നെ വേണ്ടി വന്നു ഇതിന് മുന്നിട്ടിറങ്ങാൻ. പക്ഷെ ട്രംപ് എന്നുമെന്നും ഇറാനറിയാതെ ഇറാനുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ് . പണ്ട് ഭരതൻ ശ്രീരാമൻ്റെ പാദുകം വച്ച് രാജ്യം ഭരിച്ചില്ലേ. അത് പോലെ ഇറാനിൽ കൊല്ലപ്പെട്ട നേതാക്കളുടെ എന്തെങ്കിലും മുന്നിൽ വച്ച് അവർ മുന്നിലുണ്ടെന്ന് സങ്കൽപ്പിച്ച് ചർച്ച നടത്തുകയാണോ എന്ന് സംശയമുണ്ട്. വിഡ്ഢി ദിനത്തിന് ട്രംപിൻ്റെ മറ്റൊരു സംഭാവന.
ഫാമിലിയുമായി ഒരു ഡിന്നറ് കഴിക്കാൻ ഇറങ്ങിയ പല കുടുംബങ്ങളേയും ഹോട്ടലുകാരും വിഡ്ഢികളാക്കി . ഗ്യാസില്ലാത്തതിനാൽ ക്ലോസ്ഡ് എന്ന ബോർഡ് കണ്ട് കാശ് ചെലവായില്ലല്ലോ എന്ന് ഉള്ളാലെ ചിരിച്ച് ഭർത്താവും ഇനി വീട്ടിൽ ചെന്ന് അടുപ്പ് കത്തിക്കണമല്ലോ എന്ന് ഉള്ളാൽ ശപിച്ച് ഭാര്യയും വിഡ്ഢി ദിനത്തിൻ്റെ പടവുകൾ കയറി.


