സിഡ്നി: സിഡ്നിയുടെ ഇന്നർ വെസ്റ്റ് മേഖലയിലുള്ള കോൺകോർഡിൽ സുഹൃത്തുക്കളുടെ വീട്ടിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മുപ്പതുകളിലുണ്ടായിരുന്ന ഒരാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തായ 41 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് 12.10 ഓടെ കോൺകോർഡിലെ സ്പ്രിംഗ് സ്ട്രീറ്റിലുള്ള ഒരു വീട്ടിലാണ് സംഭവം നടന്നത്. നെഞ്ചിൽ ഗുരുതരമായി കുത്തേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ ഉടൻ തന്നെ കോൺകോർഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകിയെന്ന് സംശയിക്കുന്ന വ്യക്തിയെ വീട്ടിൽ വെച്ച് തന്നെ പോലീസ് പിടികൂടുകയും ബർവുഡ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് സൂചന.
കൊല്ലപ്പെട്ട യുവാവും പ്രതിയും തമ്മിൽ ഏകദേശം എട്ട് വർഷത്തോളമായി സൗഹൃദത്തിലാണെന്ന് പോലീസ് പറഞ്ഞു. പ്രതിയും മറ്റൊരു 47 വയസ്സുകാരനും ഒപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ചും തർക്കത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. വീട്ടിലുണ്ടായിരുന്ന 47 വയസ്സുകാരനെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.ബർവുഡ് പോലീസ് ഡിറ്റക്ടീവുകൾ സംഭവസ്ഥലത്ത് പരിശോധന നടത്തുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്

