മെൽബൺ ഷോപ്പിംഗ് സെന്ററിൽ സായുധ കവർച്ച: മൂന്ന് കൗമാരക്കാരികൾ പിടിയിൽ

മെൽബൺ: തെക്കുകിഴക്കൻ മെൽബണിലെ ഷോപ്പിംഗ് സെന്ററിൽ നടന്ന സായുധ കവർച്ചാശ്രമവുമായി ബന്ധപ്പെട്ട് മൂന്ന് കൗമാരക്കാരികളെ പോലീസ് അറസ്റ്റ് ചെയ്തു. നാരെ വാറനിലെ ഓവർലാൻഡ് ഡ്രൈവിലുള്ള ഷോപ്പിംഗ് സെന്ററിൽ ഇന്നലെ വൈകുന്നേരം 5.20 ഓടെയാണ് സംഭവം നടന്നത്.

34 വയസ്സുകാരിയായ സ്ത്രീയെ കത്തിയും ചുറ്റികയും കാട്ടി ഭീഷണിപ്പെടുത്തി കാറിന്റെ താക്കോൽ ആവശ്യപ്പെട്ടതായാണ് പെൺകുട്ടികൾക്കെതിരെയുള്ള പരാതി. യുവതി ആദ്യം താക്കോൽ നൽകാൻ വിസമ്മതിച്ചെങ്കിലും, സംഘത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി കൈയിൽ നിന്നും താക്കോൽ തട്ടിയെടുക്കുകയായിരുന്നു. സംഭവം കണ്ടുനിന്ന ഒരാൾ ഇവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഇയാൾക്കും ഭീഷണി നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഷോപ്പിംഗ് സെന്ററിന് പുറത്തുവെച്ച് തന്നെ മൂന്ന് പേരെയും പിടികൂടി. പ്രതികളിൽ 15 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കെതിരെ സായുധ കവർച്ചയ്ക്കും മോഷണത്തിനും കേസെടുത്തു. ഇതിൽ ഒരാൾക്കെതിരെ നിയന്ത്രിത ആയുധങ്ങൾ കൈവശം വെച്ചതടക്കമുള്ള കൂടുതൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 16 വയസ്സുള്ള മൂന്നാമത്തെ പെൺകുട്ടിയെ കൂടുതൽ അന്വേഷണങ്ങൾക്കായി താൽക്കാലികമായി വിട്ടയച്ചു.അറസ്റ്റിലായ രണ്ട് 15-കാരികളെയും പിന്നീട് ചിൽഡ്രൻസ് കോടതിയിൽ ഹാജരാക്കുന്നതിനായി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *