തിരുവനന്തപുരം: ജയിലില്‍ നിരാഹാരമിരിക്കുമെന്ന് അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്റിലായ രാഹുല്‍ ഈശ്വര്‍. ജാമ്യഹര്‍ജി തള്ളിയതിന് ശേഷം ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും പൊലീസ് വിലക്കിയെങ്കിലും ജീപ്പില്‍ കയറ്റുന്നതിനിടെയാണ് രാഹുല്‍ നിരാഹാരമിരിക്കുമെന്ന് പ്രതികരിച്ചത്. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തതോടെ രാഹുല്‍ ഈശ്വറെ പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ഇന്നലെയാണ് കേസില്‍ രാഹുല്‍ ഈശ്വറെ അറസ്റ്റ് ചെയ്തത്. പിന്നീട് വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
അതേസമയം, അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ല. നോട്ടീസ് നല്‍കിയത് പോലും പിടികൂടി കൊണ്ട് വന്ന ശേഷം 40 മിനിറ്റ് കഴിഞ്ഞാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ പറഞ്ഞു. നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. രാഹുല്‍ ഈശ്വര്‍ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷന്‍, ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. അതേസമയം, രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്. പരാതിക്കാരിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ലാപ്‌ടോപ്പില്‍ രാഹുല്‍ തയ്യാറാക്കിയ വീഡിയോകള്‍ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും മറ്റ് പ്രതിക്കെതിരെ സമാന കേസുകളുണ്ടെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു

