ഫ്ലോറിഡ: അഞ്ച് പതിറ്റാണ്ടിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന നാസയുടെ ചരിത്രപരമായ ‘ആർട്ടെമിസ് II’ (Artemis II) ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം ഏപ്രിൽ 2 പുലർച്ചെ ആണ് വിക്ഷേപണം നടന്നത്.ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) ഉപയോഗിച്ചാണ് ഓറിയോൺ (Orion) പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.
നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ദൗത്യത്തിലുള്ളത്. കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ (കാനഡ) എന്നിവരാണ് സംഘാംഗങ്ങൾ.ഈ ദൗത്യത്തിലൂടെ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ചും, ആദ്യ കറുത്ത വർഗക്കാരനായി വിക്ടർ ഗ്ലോവറും, ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി ജെറമി ഹാൻസണും ചരിത്രത്തിൽ ഇടംപിടിക്കും.
ഏകദേശം 10 ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണിത്. പേടകം ചന്ദ്രനിൽ ഇറങ്ങില്ല പകരം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് തിരികെ വരും.ഭാവിയിൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ‘ആർട്ടെമിസ് III’ ദൗത്യത്തിന് മുന്നോടിയായി ഓറിയോൺ പേടകത്തിലെ ജീവൻരക്ഷാ സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ, നാവിഗേഷൻ എന്നിവ പരിശോധിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.വിക്ഷേപണത്തിന് ശേഷം ഭൂമിയുടെ ഭ്രമണപഥത്തിൽ വിവിധ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പേടകം ചന്ദ്രനിലേക്ക് തിരിക്കും. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 10,000 കിലോമീറ്റർ ദൂര പരിധിയിലൂടെ സഞ്ചരിച്ച ശേഷം പസഫിക് സമുദ്രത്തിൽ പേടകം തിരിച്ചിറങ്ങും. ചൊവ്വാ ദൗത്യം അടക്കമുള്ള നാസയുടെ ഭാവി പദ്ധതികൾക്ക് ആർട്ടെമിസ് II വലിയ കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു.

