ഇത്തരം കാര്യങ്ങളില്‍ പൊതുവെ ഒന്നും പറയാറില്ലാത്തതാണ്.പക്ഷേ ഇപ്പോള്‍ പറയാതിരിക്കാന്‍ തോന്നുന്നില്ല. എന്റര്ടെയ്നര്, ഇന്‍ഫര്‍മേറ്റീവ്,പബ്ളിസിറ്റി – ക്രിയേറ്റിവിറ്റി ഓറിയന്റഡ് ഇത്യാദി എന്തു സദുദ്ദേശത്തോടെ തുടങ്ങിവച്ചതായാലും ഈ പരിപാടികള്‍-റീലും റീച്ചും അതിനുള്ള തത്രപ്പാടും-കൈവിട്ടുപോയിത്തുടങ്ങിയെന്നുതന്നെ പറയാം.നേരവും കാലവും നോക്കാതെ,കുട്ടികളെപ്പോലും നേരാംവണ്ണം ശ്രദ്ധിക്കാതെ,റീലുണ്ടാക്കുന്നവരെക്കൊണ്ടും,വീട്ടുകാരുടെ പ്രാക്കുമേടിച്ചിട്ടായാലും ഫുള്‍ടൈം ചെലവഴിച്ച് അതുകണ്ടുതീര്ക്കാന് മെനക്കെടുന്നവരെക്കൊണ്ടും എമ്പാടും വല്ലാത്ത ബുദ്ധിമുട്ടായിത്തീര്ന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസത്തെ ദൗര്‍ഭാഗ്യകരമായ വാര്‍ത്ത-ഒരു വാക്കാല്ത്തീര്ക്കേണ്ടിയിരുന്ന കാര്യത്തെ വീഡിയോവല്ക്കരിച്ചു പര്‍വ്വതീകരിച്ച് ഒരാളുടെ ജീവനെടുക്കുന്നിടം വരെയെത്തിച്ചത് തീര്‍ത്തും ഖേദകരമാണ്. അയാള്‍ നിരപരാധിയെങ്കില്‍ എത്രയോ കഷ്ടമാണത്
ഇഷ്ടമില്ലാത്ത സ്പര്‍ശനമോ കടന്നുകയറ്റമോ (ആണെന്നുറപ്പുണ്ടെങ്കില്‍ )സഹിക്കേണ്ടതില്ല.അത്തരത്തിലെന്ന് തോന്നിയാല്‍ ‘ഇത്തിരി നീങ്ങിനില്ക്കു’ എന്നോ ‘ മുമ്പോട്ടുകയറി നില്ക്കു, അവിടെ ഇടമുണ്ടല്ലോ’എന്നൊക്കെ മാന്യമായിട്ടു പറയാം. മിക്കവാറും അപരന്ന് കാര്യം മനസ്സിലാകുകയും പ്രശ്നം അവിടം കൊണ്ടു തീരുകയും ചെയ്യും. അടുത്തപടി ഇത്തിരി കൂടി ഒച്ചയുയര്ത്തിപ്പറയലാണ്. തൊട്ടടുത്തുള്ളവര്‍ ശ്രദ്ധിക്കുന്നു എന്നു കണ്ടാല്‍ തീര്‍ച്ചയായും മാറിപ്പോകും. ഇനിയതുമല്ല എങ്കില്‍ ഒരെണ്ണം പൊട്ടിക്കാം.
(വീഡിയോ എടുക്കാന്‍ കൈ സ്വാതന്ത്ര്യമുണ്ടെങ്കില് ഇതു പറ്റാതെ വരില്ല!) ഇതെല്ലാം മന:പൂര്‍വ്വം തട്ടാന്വരുന്നവരോട് ചെയ്യേണ്ടതാണ്.ഇതൊന്നുമല്ലാതെ വീഡിയോ എടുക്കലാണോ പ്രായോഗികം പ്രത്യാക്രമണവാസനകളെ’പല്ലും നഖവുമുപയോഗിച്ച് ‘ എന്നായിരുന്നു ഞങ്ങളുടെ ജനറേഷന് കാലംവരെ പറഞ്ഞിരുന്നത്.പുതിയ കാലമത് ‘ റീലുംവീഡിയോയുമുപയോഗിച്ച്’എന്നാക്കി മാറ്റി! കഷ്ടം!
ലോകത്തിലുള്ള എല്ലാ പുരുഷന്മാരും കുഴപ്പക്കാരും എല്ലാ സ്ത്രീകളും നല്ലവരുമല്ല. ഇരുവിഭാവത്തിലും നല്ലവരും മോശക്കാരുമുണ്ട്.ഏതാനും മോശപ്പെട്ടവരെ ക്കരുതി മറ്റെല്ലാവരേയും ആ മുന്‍വിധിയോടെ കാണേണ്ടതില്ല.
സ്വന്തം വാഹനത്തില്‍ എല്ലാ യാത്രകളും നടത്താന്‍ തക്കവണ്ണം അവസ്ഥയൊന്നുമില്ലാത്തതിനാല് ബസിലും ട്രെയിനിലുമൊക്കെ യാത്രചെയ്യുന്ന ഒരു സാധാരണക്കാരിയാണ് ഞാന്‍.നല്ല തിക്കിലും തിരക്കിലും ഞെരുങ്ങിയൊക്കെത്തന്നെ പലപ്പോഴും. ചിലപ്പോള്‍ സീറ്റുകിട്ടിയെന്നിരിക്കും.ഒരു ബാഗ് പുറത്തും മറ്റൊന്ന് തോളിലും ഒക്കെയിട്ട് ഞെരുങ്ങുമ്പോള്‍ ഫോണ്‍ കൈയിലെടുക്കാന്‍ പോയിട്ട് നേരെചൊവ്വേ ശ്വാസമെടുക്കാന്തന്നെ പറ്റുകില്ല.വല്ലവരും അത്യാവശ്യപ്പെട്ട് വിളിച്ചാല്‍ക്കൂടി എടുക്കാന്‍ പറ്റാതെ സീറ്റുകിട്ടുമ്പോള്‍ തിരിച്ചുവിളിച്ചു ചോദിക്കയാണ് ചെയ്യാറ്.പിന്നല്ലേ വീഡിയോ എടുക്കല്‍! ഇത്രകാലത്തെ യാത്രയില്‍ ഏതാനും തവണ ആദ്യം പറഞ്ഞ ഒന്നോ രണ്ടോ സ്റ്റെപ് നടപടി കൊണ്ടു തീരാവുന്ന ശല്യങ്ങളേ നേരിടേണ്ടി വന്നിട്ടുള്ളു.ഒരു തവണ ഒരു ചെറിയ പെണ്‍കുട്ടിയുടെ സീറ്റില്‍ ചാരി ഒരാള്‍ നിന്നപ്പോള്‍ ‘പുറകിലൊക്കെ ഇഷ്ടം പോലെ സ്ഥലം ണ്ടല്ലോ അവിടെപ്പോയി സ്വസ്ഥമായി ചാരി നില്ല് ചേട്ടാ ‘ന്ന് പറഞ്ഞു.തീര്‍ന്നു. അയാള്‍ സ്ഥലംവിട്ടു.
പണ്ട് ുൃലറലഴൃലല കാലത്ത് ട്രെയിനില്‍ പോരുമ്പോള്‍ വൈകിയാല്‍ ജനറലിലേ കേറാവു എന്നാണ് അച്ഛന് പറയാറ്. ലേഡീസില്‍ തീരെ ആളില്ലാതെ വരുന്നതിനേക്കാള്‍ സുരക്ഷിതത്വം ആണുങ്ങള് കൂടിയുള്ള ജനറല്‍ കംപാര്‍ട്മെന്റില്‍ അനുഭവിച്ചിട്ടുണ്ട് എന്നതുകൊണ്ടുതന്നെ! ഈയടുത്തൊരിക്കല്‍ ലേഡീസ് കംപാര്‍ട്ട്മെന്റില്‍ ഒരു യാത്രപോയിട്ട് ഒരുപാടുനേരം നില്ക്കേണ്ടിവന്നു.മൊബൈലില്‍ നോക്കി വിസ്തരിച്ചിരുന്ന ഒരൊറ്റ സ്ത്രീകളും ഒരിത്തിരി അഡ്ജസ്റ്റ് ചെയ്താല്‍ ഒരാള്‍ക്കുകൂടി ഇരിക്കാം എന്നു കരുതാഞ്ഞത് അതിശയപ്പെടുത്തി.തിരികെ ജനറലില്പോന്നപ്പോള് ‘ഇച്ചിരങ്ങോട്ടു നീങ്ങിയിരുന്നാല്‍ ല്ലക്കൊച്ചിനൂടെ ഇരിക്കാര്‍ന്നു’ എന്നുപറഞ്ഞ് ഒരു മനുഷ്യന് ദയകാണിക്കുകയും ചെയ്തു.
അതിവിശ്വസ്തരെന്നു നടിച്ച് ജീവിതത്തോടു ചേര്‍ന്നുനിന്ന് ചതിക്കുന്ന മനുഷ്യരുണ്ട്. ആണിലും പെണ്ണിലുമുണ്ട്.എന്നുകരുതി ലോകത്തിലുള്ളവരെല്ലാം അത്തരക്കാരെന്നു ഞാന്‍ ചിന്തിക്കാറില്ല.പണ്ടൊരിക്കല്‍ ഇലക്ഷന് ഡ്യൂട്ടിക്കുപോയ കാര്യം ഓര്‍മ്മ വരുന്നു. ഒരു വലിയ സ്കൂളില്‍ 5 ബൂത്താണ്.അവിടെങ്ങുംതന്നെ ഞാനല്ലാതെ ഒറ്റസ്ത്രീ ഉദ്യോഗസ്ഥരില്ല.ഞങ്ങളുടെ പ്രിസൈഡിംഗ് ഓഫീസര്‍ ഒരു കടുംപിടിത്തക്കാരന്. രാത്രി എവിടെയും തങ്ങാന്‍ പോകാന്‍ വിടില്ലന്നു കട്ടായം.കൂടെയുള്ള മറ്റുദ്യോഗസ്ഥര്‍ വന്ന പോലീസുകാരോട് പറഞ്ഞ് അന്വേഷിപ്പിച്ച് രാത്രി അടുത്തുള്ള ഒരു ടീച്ചറുടെ വീട്ടില്‍ കൊണ്ടാക്കി.ഒപ്പം അവിടെ നിന്ന ഒരു NCC വോളന്റിയര്‍ പയ്യനെക്കൂടി ജീപ്പില്‍ സ്ഥലം കണ്ടുവരാന്‍ വിട്ടു.വെളുപ്പിനെ ആ കുട്ടിയെ വിട്ട് തിരികെ കൂട്ടി. വോട്ടിംഗ് എല്ലാം കഴിഞ്ഞ് കാഞ്ഞിരപ്പള്ളിയിലെ കളക്ഷന്‍ സെന്ററില്‍ രാത്രി പത്തരയ്ക്കും തിരികെ വിടാതെ വാശി പിടിച്ചുനിന്ന പ്രിസൈഡിംഗ് ഓഫീസറോട് വഴക്കുണ്ടാക്കി തുള്ളി തോരാത്ത മഴയത്ത് റോഡില്‍ കൊണ്ടുപോയി ലാഡറില്‍ വരെ ആളുമായി വന്ന ഒരു ട്രാന്‍സ്പോര്‍ട്ട് ബസില്‍ എന്നെ കയറ്റി കോട്ടയത്തു കൊണ്ടുപോയി സുരക്ഷിതമായി ഇറക്കിയേക്കണമെന്ന് കണ്ടക്ടറോട് പറഞ്ഞേല്‍പ്പിച്ചശേഷം മാത്രം സ്വന്തം സ്ഥലത്തേക്കുള്ള ബസുപിടിക്കാന്‍ പോയ ഒരു മുണ്ടക്കയംകാരന്‍ ഫോറസ്റ്റുദ്യോഗസ്ഥന്‍.
ഇവരെല്ലാം പുരുഷന്മാരായിരുന്നു.ആ ബസിലും ഞാന്‍ ഒരേയൊരു വനിതയായിരുന്നു.മൈഗ്രേന് കൊണ്ടു വശംകെട്ടിരുന്ന ഞാന്‍ കുഴഞ്ഞു വീഴാന്‍ പാകത്തില്‍ അവശയായിരുന്നു.പക്ഷേ ഞാന്‍ അത്രയും പേര്ക്കിടയില് ഏറ്റവും സുരക്ഷിതയായിരുന്നു. ഇങ്ങനെ എത്രയോ അനുഭവങ്ങള്‍.മോശപ്പെട്ട ഏതാനും പേര്‍ക്കുവേണ്ടി ഇവരെയെല്ലാം മോശപ്പെട്ടവരായി മുന്വിധിക്കാന് ഞാന്‍ തയ്യാറല്ല.
എന്തിനധികം, ഈയിടെ ഒരു സ്ത്രീ ട്രെയിനില്‍ നിന്നിറങ്ങുമ്പോള്‍ പ്ളാറ്റ്ഫോമിനും ട്രെയിനുമിടയിലേക്ക് വീണുപോകാന്‍ തുടങ്ങിയപ്പോള്‍ കയ്യിലിരുന്നതെല്ലാം താഴെയിട്ട് ഓടിച്ചെന്നു പിടിച്ചുവലിച്ച് കയറ്റിയ ഒരു റെയില്‍വേ ജോലിക്കാരന്റെ വീഡിയോ നിങ്ങളെല്ലാവരും കണ്ടുകാണുമല്ലോ.അയാള്‍ വലിച്ചു കയറ്റിയത് ഒരു പെണ്ണുടലല്ല, ഒരു ജീവനാണ്.അത്രയുമോര്ത്താല് മതി.പെണ്ണിന്റെ ഉടല്ക്കാഴ്ചയെ വസ്ത്രസ്വാതന്ത്ര്യമെന്നും ആണിന്റേത് നഗ്നതാപ്രദര്ശനമെന്നും വിവേചിക്കുന്നിടത്ത് തുല്യനീതി എന്ന വാക്കു തന്നെ ചേരുന്നില്ല.ആണിലാകട്ടെ പെണ്ണിലാകട്ടെ, യഥാര്‍ത്ഥ പീഡിതരും ചൂഷിതരും നീതികിട്ടാതെ വലഞ്ഞുതന്നെയാണ് എന്നും!
എന്തായാലും മുന്‍കാല അനുഭവങ്ങളും മുന്‍വിധികളും കൊണ്ട് ഒരാളെയും വിധിക്കാതിരിക്കുക.ഇരുകൂട്ടരും ചേര്‍ന്ന മനുഷ്യരാശിയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും നീതി അര്‍ഹിക്കുന്നു!

