പെര്‍ത്ത്: ആഷസ് പരമ്പരയിലെ ഒന്നാമത്തെ മത്സരം വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ചപ്പോള്‍ നഷ്ടം നേരിട്ടത് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക്. വലിയൊരു മാര്‍ക്കറ്റിങ് മാമാങ്കമായി മാറേണ്ടിയിരുന്ന പരിപാടിയാണ് നോക്കിനില്‍ക്കെ തീര്‍ന്നു പോയത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആഷസിനായി കാത്തിരിക്കുന്നതാണ്. അവരില്‍ വലിയൊരു പങ്കില്‍ നിന്നു കിട്ടേണ്ട ബിസിനസ് മുഴുവനാണ് വെള്ളത്തില്‍ വരച്ച വരപോലെ ഇല്ലെന്നായത്. ഗാര്‍ഡിയന്‍ ദിനപത്രത്തിന്റെ കണക്കു കൂട്ടല്‍ അനുസരിച്ച് ഏകദേശം മൂന്നു ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് ഈയിനത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായിരിക്കുന്നത്.
ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിലായി ഒരു ലക്ഷത്തിനു തൊട്ടു മുകളില്‍ കാണികളാണ് എത്തിയത്. ഒന്നാം ദിവസം 51331 കാണികള്‍, രണ്ടാം ദിവസം 49983 കാണികള്‍. മൂന്നാം ദിവസവും നാലാം ദിവസവും സമാനമായ എണ്ണം കാണികളെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിന് അവസരമേ ലഭിച്ചില്ല. കളിയങ്ങ് തീര്‍ന്നു. വെറും രണ്ടു ദിവസത്തെ ബൗളിങ് വെടിക്കെട്ടില്‍ ബാറ്റര്‍മാര്‍ കട്ടയും പടവും മടക്കി.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നയം അനുസരിച്ച് മത്സരം നടക്കാത്ത ഒരു ദിവസത്തെ ടിക്കറ്റ് കൈവശമുള്ളവര്‍ക്കു പോലും പൂര്‍ണമായ റീഫണ്ടിന് അര്‍ഹതയുണ്ട്. ഇത്തരത്തില്‍ റദ്ദാക്കിയ സിംഗിള്‍ ഡേ ടിക്കറ്റ് കൈവശമുള്ള എല്ലാവര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ടിക്കറ്റ് തുക മടക്കിക്കൊടുക്കണം. സാമ്പത്തിക ആഘാതം ഇതുകൊണ്ടു തീരില്ലല്ലോ. മത്സരം രണ്ടു ദിവസം മാത്രമായതോടെ സംപ്രേഷണം കരാര്‍ എടുത്തിരുന്നവര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുമൊക്കെ ഉണ്ടായ നഷ്ടം കൃത്യമായി കണക്കാക്കാന്‍ പോലുമാവില്ലെന്നാണ് പറയുന്നത്.

