കള്ളപ്പണം സ്വീകരിക്കാന്‍ സ്വന്തം ബാങ്ക് അകൗണ്ട് ഉപയോഗിക്കാന്‍ നല്കി; ഏഷ്യന്‍ പൗരന് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും

ദുബായ് : ലഹരി കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം സ്വീകരിക്കാന്‍ സ്വന്തം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ അനുവദിച്ച ഏഷ്യന്‍ പൗരന് ദുബായ് കോടതി മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും കണ്ടുകെട്ടാനും യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത രണ്ട് വര്‍ഷത്തേക്ക് മറ്റൊരാള്‍ക്ക് വേണ്ടിയും പണം കൈമാറ്റം ചെയ്യുന്നതില്‍ നിന്നും നിക്ഷേപിക്കുന്നതില്‍ നിന്നും ഇയാളെ വിലക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ദുബായ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആന്റി-നാര്‍ക്കോട്ടിക്സിന് ലഭിച്ച രഹസ്യ വിവരങ്ങളാണ് കേസിന് വഴിത്തിരിവായത്. നാല് ഏഷ്യന്‍ പൗരന്മാര്‍ ബര്‍ ദുബായിലെ ഒരു കെട്ടിടത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു വിവരം. പ്രോസിക്യൂഷന്‍ വാറന്റിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഹെറോയിന്‍ അടങ്ങിയ പാക്കറ്റ്, കൃത്യതയുള്ള തൂക്കമെടുക്കുന്നതിനുള്ള സ്‌കെയില്‍, ലഹരിവസ്തുക്കള്‍ വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി.

കൂടാതെ, പ്രതികളിലൊരാളുടെ വാഹനത്തില്‍ നിന്ന് അധിക അളവിലുള്ള ലഹരിമരുന്നും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ഒരു പ്രതി ലഹരിമരുന്ന് ഒരു ഏഷ്യന്‍ വിതരണക്കാരനില്‍ നിന്നാണ് വാങ്ങിയതെന്ന് സമ്മതിച്ചു. മറ്റൊരാള്‍, വില്‍പനയിലൂടെ ലഭിച്ച പണം യുഎഇയിലെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സമ്മതിച്ചു. ഇയാളെയാണ് അധികൃതര്‍ പിന്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് ഉടമയായ പ്രതിയിലേക്ക് എത്തിയത്.

ലഹരി കച്ചവടവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഒരാളെ ‘സഹായിക്കാന്‍’ വേണ്ടിയാണ് തന്റെ ബാങ്ക് കാര്‍ഡ് മറ്റൊരാള്‍ക്ക് നല്‍കിയതെന്നും അത് ലഹരിമരുന്ന് പണമിടപാടുകള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും പ്രതി വാദിച്ചു. എന്നാല്‍, ഈ വാദം ദുബായ് കോടതി തള്ളി. നിയമവിരുദ്ധമായി ലഭിച്ച പണത്തിന് ഇയാള്‍ ഉത്തരവാദിയാണെന്നും അക്കൗണ്ട് ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചത് കുറ്റകരമാണെന്നും കോടതി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *