ഏഷ്യ പവര്‍ ഇന്‍ഡക്‌സില്‍ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്; സാമ്പത്തിക വളര്‍ച്ചയിലും സൈനിക ശക്തിയിലും വന്‍ മുന്നേറ്റം

ഏഷ്യ പവര്‍ ഇന്‍ഡക്‌സ്-2025 ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം;
സാമ്പത്തിക വളര്‍ച്ചയിലും സൈനിക ശക്തിയിലും വന്‍ മുന്നേറ്റം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സാമ്പത്തിക വളര്‍ച്ചയുടെയും സൈനിക ശേഷിയുടെയും പിന്‍ബലത്തില്‍ ഏഷ്യ പവര്‍ ഇന്‍ഡക്‌സ്-2025 ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ഏഷ്യ-പസഫിക്കില്‍ രാജ്യങ്ങളുടെ ആഗോള ശക്തി വിലയിരുത്തുന്നതിനുള്ള വിശകലന സംവിധാനമാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന ഏഷ്യ പവര്‍ ഇന്‍ഡക്‌സ്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഈ വിദഗ്ധ സംഘം 26 രാജ്യങ്ങളെയാണ് വിശകലനം ചെയ്യുന്നത്. 2025-ലെ കണക്കുകള്‍ പ്രകാരം അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്‍, റഷ്യ എന്നാവയാണ് മികച്ച അഞ്ച് രാജ്യങ്ങള്‍.

‘പ്രമുഖ രാജ്യം’ പദവി ലഭിക്കുന്നതിനായി ഏഷ്യ പവര്‍ ഇന്‍ഡക്‌സ് നിര്‍വചിച്ചിരിക്കുന്ന പരിധി ഇന്ത്യ മറികടന്നതിനെത്തുടര്‍ന്നാണ് രാജ്യത്തിന് പുതിയ നേട്ടം ഉണ്ടായിരിക്കുന്നത്. 2025- ല്‍ ഇന്ത്യയുടെ സ്‌കോര്‍ 0.9 പോയിന്റ് വര്‍ധിച്ച് 40 ആയതോടെ ജപ്പാനെക്കാള്‍ ചെറിയ ലീഡ് ഇന്ത്യയ്ക്ക് ലഭിക്കുകയായിരുന്നു. യുഎസ് (80.4), ചൈന (73.5) എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ശക്തികള്‍.

ഡാറ്റ പ്രകാരം, സൈനിക ശേഷി, സാമ്പത്തിക വളര്‍ച്ച, മറ്റ് രാജ്യങ്ങളുമായുളള വ്യാപാര ബന്ധം, സാങ്കേതികവിദ്യ എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍വചിച്ചിരിക്കുന്ന അതിന്റെ ഭൗമരാഷ്ട്രീയ പ്രസക്തിയുടെ കാര്യത്തില്‍ ഇന്ത്യ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2025- മെയ് മാസത്തില്‍ രാജ്യം നടപ്പാക്കിയ ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യയുടെ മികച്ച സൈനിക ശേഷിയും നയതന്ത്ര വൈദഗ്ധ്യവും തെളിയിക്കുന്നതായിരുന്നുവെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി.ഇന്ത്യയിലേക്കുള്ള വിദേശികളുടെ സഞ്ചാരം വര്‍ധിച്ചത്, ടൂറിസം മെച്ചപ്പെടുത്താനും ഏഷ്യയിലുടനീളം രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിച്ചതായി പഠനം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *