ശ്രീകൃഷ്ണന്റെ ജീവിതം ആലേഖനം ചെയ്ത അതിവിശിഷ്ടമായ വൃന്ദാവന്‍ വസ്ത്ര പട്ട് ലണ്ടനില്‍ തിരികെയെത്തിക്കാന്‍ ആസാം

ലണ്ടന്‍: ഒരു കാലത്ത് ലണ്ടനിലെ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രേമികളുടെ ആസ്ഥാനമായിരുന്ന ഇന്ത്യ ഹൗസ് യുകെ ഗവണ്‍മെന്റില്‍ നിന്ന് ഏറ്റെടുക്കാന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് തീരുമാനിച്ചതിനു തൊട്ടുപിന്നാലെ സമാന തീരുമാനവുമായി ആസാം ഗവണ്‍മെന്റും. ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആസാം വാങ്ങാന്‍ ഉദ്ദേശിക്കുന്നത് പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മിച്ച വൃന്ദാവനി വസ്ത്ര എന്ന വിശേഷപ്പെട്ട പട്ടു വസ്ത്രമാണ്. നിലവില്‍ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഈ വസ്ത്രം പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്. ശ്രീകൃഷ്ണന്റെ ജീവിതത്തിലെ വിശേഷപ്പെട്ട മുഹൂര്‍ത്തങ്ങല്‍ ആലേഖനം ചെയ്തു തുന്നിയ വസ്ത്രമാണിത്.

ഈ വസ്ത്രം പ്രധാനമായി ആകര്‍ഷണമാക്കി മാറ്റി 2027ല്‍ ആസാമില്‍ പ്രത്യേക മ്യൂസിയം നിര്‍മിക്കാനാണ് ആസാം ഗവണ്‍മെന്റിന്റെ തീരുമാനം. പ്രമുഖ സ്റ്റീല്‍ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യൂ ആയിരിക്കും ഗവണ്‍മെന്റിനായി മ്യൂസിയം നിര്‍മിക്കുക. കമ്പനിയുടെ പ്രധാന പ്രൊമോട്ടറായ സജന്‍ ജിന്‍ഡാലിന്റെ മാതാവ് ആസാം സ്വദേശിയായതാണ് കമ്പനിക്ക് ഈ സംരംഭത്തിലുള്ള താല്‍പര്യം. ബ്രിട്ടീഷ് മ്യൂസിയവുമായി ആസാം ഗവണ്‍മെന്റിനെ ബന്ധപ്പെടുത്തിയതും സജന്‍ ജിന്‍ഡാലാണ്. വിദേശത്തേക്ക് കടത്തിക്കൊണ്ടു പോയ ഒരു വസ്ത്രം തിരികെയെത്തിക്കുന്നതും അതിനായി ഒരു മ്യൂസിയം സ്ഥാപിക്കുന്നതും രാജ്യത്ത് ആദ്യമാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *