നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ പോളിംഗിലേക്ക്

ന്യൂഡൽഹി: കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരത്തോടെ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും ചീഫ് ഇലക്ഷൻ കമ്മീഷണർ വിജ്ഞാപനം പുറപ്പെടുവിക്കുക.

കേരളത്തിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ പരിഗണിച്ച് ഏപ്രിൽ പകുതിയോടെ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.പശ്ചിമ ബംഗാളിൽ സുരക്ഷാ കാരണങ്ങളാൽ ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നേക്കാം. അസം, തമിഴ്‌നാട് എന്നിവിടങ്ങളിലും വോട്ടെടുപ്പ് ഘട്ടങ്ങൾ സംബന്ധിച്ച കൃത്യമായ വിവരം ഇന്ന് അറിയാൻ സാധിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് ഇപ്പോൾ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. വോട്ടെടുപ്പ് തീയതികൾക്കൊപ്പം വോട്ടെണ്ണൽ എന്ന് നടക്കുമെന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും.

Leave a Reply

Your email address will not be published. Required fields are marked *