കുട്ടികൾക്കായി കളിക്കളം; ടൗൺസ്‍വില്ലിൽ ATHMA യൂത്ത് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

ടൗൺസ്‍വിൽ: അസോസിയേഷൻ ഓഫ് ടൗൺസ്‍വിൽ ഹിന്ദു മലയാളീസിന്റെ (A.T.H.M.A.) യുവജന വിഭാഗമായ ‘എത്‌മ യൂത്ത്’, കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന സമ്മർ ക്യാമ്പ് “കളിക്കളം” ശ്രദ്ധേയമായി. ജനുവരി 17-ന് ടൗൺസ്‍വില്ലിലെ എൻ.ക്യു.എച്ച്.സി (NQHC) കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ക്യാമ്പിൽ 4 മുതൽ 14 വയസ്സുവരെയുള്ള 23 കുട്ടികളാണ് പങ്കെടുത്തത്.

യുവജന വിഭാഗം സ്വതന്ത്രമായി സംഘടിപ്പിച്ച ആദ്യത്തെ പ്രധാന പരിപാടിയായിരുന്നു ഇത്. ഐശ്വര്യ സത്യൻ, അർജുൻ ബൈജു, അൽക്ക നായർ, ഗായത്രി മേനോൻ എന്നിവർ ക്യാമ്പിന്റെ മുഖ്യ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു. ക്യാമ്പ് ലീഡർ ഐശ്വര്യ സത്യന്റെയും സംഘത്തിന്റെയും കുട്ടിക്കാലത്തെ സുന്ദരമായ അനുഭവങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ആസൂത്രണം ചെയ്തത്.

കുട്ടികളുടെ സർഗ്ഗാത്മകതയും ശാരീരികക്ഷമതയും വർദ്ധിപ്പിക്കുന്ന വിവിധ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.ശ്രീലക്ഷ്മി സുബ്രഹ്മണ്യൻ നയിച്ച സെഷനിൽ കർണാടക സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങളും മലയാളിത്തം തുളുമ്പുന്ന നാടൻപാട്ടുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി.മാളവിക വട്ടപ്പറമ്പിൽ സുനിൽകുമാർ നയിച്ച നൃത്ത വിഭാഗത്തിൽ കുട്ടികൾ ആവേശത്തോടെ സിനിമാറ്റിക് നൃത്തങ്ങൾ അഭ്യസിച്ചു.യോഗ, വിവിധ വിനോദ മത്സരങ്ങൾ, ചിത്രരചന, പെയിന്റിംഗ് എന്നിവ കുട്ടികൾക്ക് നവ്യാനുഭവമായി.

ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ലഘുഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്തു. സമാപന ചടങ്ങിൽ കുട്ടികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.ജൂനിയർ കുട്ടികൾക്ക് ഒരു ദിവസം മുഴുവൻ ആഹ്ലാദിക്കാനുള്ള അവസരം ഒരുക്കിയതിനൊപ്പം, സംഘാടന രംഗത്തെ ഉത്തരവാദി ത്തങ്ങളും വെല്ലുവിളികളും നേരിടാൻ യുവജന വിഭാഗത്തിന് ഈ ക്യാമ്പ് ഒരു വലിയ ജീവിതപാഠമായി മാറിയെന്ന് എത്‌മ ഭാരവാഹികൾ അറിയിച്ചു. ടൗൺസ്‍വില്ലിലെ മലയാളീ സമൂഹത്തിന് വലിയൊരു മുതൽക്കൂട്ടാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് സംഘാടകർ കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *