മെൽബൺ: മെൽബൺ നഗരമധ്യത്തിലെ ഗോത്രവർഗ്ഗക്കാരുടെ പ്രതിഷേധ കേന്ദ്രമായ ‘ക്യാമ്പ് സോവറൈൻറ്റി’യിൽ ആക്രമണം നടത്തിയ കേസിൽ നിയോ-നാസി നേതാവ് തോമസ് സെവലിനെ വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു. 33 വയസ്സുകാരനായ സെവലിനെതിരെയുള്ള തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമാണെന്ന് മെൽബൺ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. വ്യാഴാഴ്ച വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരായ സെവൽ തനിക്കെതിരെയുള്ള അക്രമം, കലാപശ്രമം ഉൾപ്പെടെയുള്ള അഞ്ച് കുറ്റാരോപണങ്ങളും നിഷേധിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ മെൽബൺ നഗരത്തിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന് പിന്നാലെയാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ സംഘം സമരപ്പന്തലിലേക്ക് അതിക്രമിച്ചു കയറിയത്. പന്തലിലുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതായാണ് പ്രോസിക്യൂഷൻ വാദം. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരിൽ ഒരാളായ സ്ത്രീയുടെ തലയിലെ മുറിവ് ഉണങ്ങാൻ സ്റ്റേപ്പിൾസ് ഇടേണ്ടി വന്നതായി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സെവലിനെതിരെ ആദ്യം ഇരുപതോളം കുറ്റങ്ങൾ ചുമത്തിയിരുന്നെങ്കിലും പിന്നീട് പ്രോസിക്യൂഷൻ ഭൂരിഭാഗം കുറ്റങ്ങളും പിൻവലിക്കുകയായിരുന്നു.
സെവലിനൊപ്പം പ്രതിപ്പട്ടികയിലുള്ള നഥാൻ ബുള്ളും കുറ്റസമ്മതം നടത്തിയില്ല. ഇരുവരെയും വിക്ടോറിയൻ കൗണ്ടി കോടതിയിൽ വിചാരണ ചെയ്യാൻ മജിസ്‌ട്രേറ്റ് ഡോണ ബാക്കോസ് ഉത്തരവിടുകയും ഏപ്രിൽ വരെ ജാമ്യം നീട്ടിനൽകുകയും ചെയ്തു. കേസിലെ മറ്റ് പ്രതികളായ തിമോത്തി ഹോൾഗർ ലൂട്‌സെ, അഗസ്റ്റസ് കൂലി ഹാർട്ടിഗൻ, റയാൻ വില്യംസ് എന്നിവർ മെയ് മാസത്തിൽ മജിസ്‌ട്രേറ്റ് കോടതിയിൽ തങ്ങളുടെ വാദം തുടരും. അതേസമയം, ആയുധമുപയോഗിച്ചുള്ള ആക്രമണം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ പ്രതിയായ ബ്ലെയ്ക്ക് കാത്കാർട്ട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് ഏഴ് പേർക്കെതിരെയുള്ള നിയമനടപടികൾ വിവിധ ഘട്ടങ്ങളിലായി തുടരുകയാണ്.

