കാൻബറ: കാൻബറയിലെ ഹയാത്ത് ഹോട്ടലിൽ നടന്ന ഉന്നതതല പ്രതിരോധ സമ്മേളനത്തിനിടെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ 20 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച നാവികസേനാ മേധാവിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെ ജനാലയിലൂടെ കല്ലുകളും തീപിടിപ്പിക്കാൻ ശേഷിയുള്ള സ്ഫോടകവസ്തുവും (incendiary device) എറിഞ്ഞെന്നാണ് കേസ്. പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്താൻ ശ്രമിച്ചതിനും സ്വത്തുക്കൾ നശിപ്പിച്ചതിനുമാണ് യുവാവിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP), എ.എസ്.ഐ.ഒ (ASIO), എ.സി.ടി ജോയിന്റ് കൗണ്ടർ ടെററിസം ടീം എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച യുവാവ് പിടിയിലായത്. ഹോട്ടലിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കിടയിലും അതിഥികൾക്കിടയിലും പരിഭ്രാന്തിയും ഭയവും സൃഷ്ടിക്കുക എന്നതായിരുന്നു ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. പ്രതി എറിഞ്ഞ സ്ഫോടകവസ്തു എ.എഫ്.പി ബോംബ് സ്ക്വാഡ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതൊരു തമാശയായി കാണാനാവില്ലെന്നും സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും അസിസ്റ്റന്റ് കമ്മീഷണർ സ്റ്റീഫൻ നട്ട് പറഞ്ഞു. ലഹളയോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കാൻബറയിലെ ക്യാമ്പ്‌ബെൽ, സ്കള്ളിൽ എന്നിവിടങ്ങളിലെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി കൂടുതൽ രേഖകളും വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഈ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.

