പാകിസ്താൻ കോസ്റ്റ് ഗാർഡിന് നേരെ ആക്രമണം: മൂന്ന് സൈനികർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ബി.എൽ.എ

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ പാക് കോസ്റ്റ് ഗാർഡ് പട്രോളിംഗ് ബോട്ടിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. അറബിക്കടലിൽ പാകിസ്താൻ-ഇറാൻ അതിർത്തിക്ക് സമീപമുള്ള തീരദേശ നഗരമായ ജിവാനിയിലാണ് സംഭവം നടന്നത്. സായുധരായ വിഘടനവാദികൾ കോസ്റ്റ് ഗാർഡ് ബോട്ടിന് നേരെ വെടിയുതിർക്കുകയായിരുന്നു.

ബലൂചിസ്താനിലെ സായുധ ഗ്രൂപ്പുകൾ സാധാരണയായി കരയിൽ സുരക്ഷാ സേനയ്ക്ക് നേരെയാണ് ആക്രമണം നടത്താറുള്ളത്. എന്നാൽ ഒരു സമുദ്ര സുരക്ഷാ കപ്പലിന് നേരെ വിഘടനവാദികൾ ആക്രമണം നടത്തുന്നത് ഇതാദ്യമായാണ്.നിരോധിത വിഘടനവാദി സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി (BLA) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തങ്ങളുടെ സൈനിക തന്ത്രത്തിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമാണിതെന്നും കരയ്ക്ക് പിന്നാലെ സമുദ്ര അതിർത്തികളിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതായും ബി.എൽ.എ പ്രസ്താവനയിലൂടെ അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് പ്രദേശം പാകിസ്താൻ സുരക്ഷാ സേനയുടെ കർശന നിരീക്ഷണത്തിലാണ്. മേഖലയിൽ പട്രോളിംഗ് ശക്തമാക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.കോസ്റ്റ് ഗാർഡിന് നേരെ ആക്രമണം നടന്ന അതേ ദിവസം തന്നെ ബലൂചിസ്താൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ ഹസാര വിഭാഗത്തിൽപ്പെട്ട രണ്ട് പേർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. ഹസാർ ഗഞ്ചി മേഖലയിൽ ബൈക്കിലെത്തിയ സംഘമാണ് ഇവർക്ക് നേരെ വെടിയുതിർത്തത്.

ബലൂചിസ്താനിലെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖത്തിന് സമീപമുള്ള ഈ ആക്രമണം പാകിസ്താൻ സുരക്ഷാ ഏജൻസികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ (BRI) ഭാഗമായ പ്രധാന പദ്ധതികൾ നടക്കുന്നത് ഈ മേഖലയിലാണ്. വിഘടനവാദികളുടെ പുതിയ യുദ്ധതന്ത്രം തീരദേശ സുരക്ഷയ്ക്കും ചരക്ക് നീക്കത്തിനും വലിയ ഭീഷണി ഉയർത്തുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *