ബ്രിസ്ബേൻ: നോർത്ത് ബ്രിസ്ബേനിൽ പൊലീസ് വാഹനത്തിൽ കാറിടിച്ചു കയറ്റിയ ശേഷം കടന്നുകളഞ്ഞ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ജോയ്നറിലെ യങ്സ് ക്രോസിംഗ് റോഡിലാണ് സംഭവം. മോഷ്ടിച്ച നമ്പർ പ്ലേറ്റാണെന്ന് സംശയിക്കുന്ന വെള്ള കിയ പിക്കന്റോ കാർ പൊലീസ് വാഹനത്തിന് പിന്നിൽ മനഃപൂർവ്വം ഇടിച്ചു കയറ്റുകയായിരുന്നു.
അപകടത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഷർട്ട് ധരിക്കാതെ വെളുത്ത ഷോർട്ട്സ് മാത്രം ധരിച്ച ഒരാളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജോയ്നറിലെ സ്കൂൾ പരിസരങ്ങളിലൂടെയും വീട്ടുപറമ്പുകളിലൂടെയും ഇയാൾ പൊലീസിനെ വെട്ടിച്ച് ഓടിമറയുകയായിരുന്നു. പൊലീസ് നായകളും പോൾ എയർ (PolAir) ഹെലികോപ്റ്റർ സംഘവും ഉൾപ്പെടെ വൻ സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതി അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ ഇയാളെ നേരിട്ട് സമീപിക്കരുതെന്ന് പരിസരവാസികൾക്ക് പൊലീസ് കർശന മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ ഉടൻ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഡാഷ്ക്യാം ദൃശ്യങ്ങളും ശേഖരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

